Asianet News MalayalamAsianet News Malayalam

മൊബൈല്‍ കടകളിലെ സൗദിവല്‍ക്കരണം തടയാനുള്ള ശ്രമം അനുവദിക്കില്ലെന്ന് അധികൃതര്‍

Saudi Mobile Shop
Author
Thiruvananthapuram, First Published Apr 26, 2016, 7:14 PM IST

റിയാദ്: മൊബൈല്‍ കടകളിലെ സൗദിവത്കരണം തടയാനുള്ള ശ്രമം അനുവദിക്കില്ലെന്ന് അധികൃതര്‍. ഈ മേഖലയില്‍ ബിനാമി ബിസിനസ് നടത്തുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. മൊബൈല്‍ കടകളുടെ കോമ്മേഴ്‌സ്യല്‍ രജിസ്‍ട്രേഷന്‍ മറ്റു മേഖലകളിലേക്ക് മാറ്റി മൊബൈല്‍ കടകളിലെ സൗദിവല്‍ക്കരണത്തെ ചെറുക്കാന്‍ ശ്രമം നടക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.

ഇത്തരം തട്ടിപ്പുകള്‍ ശക്തമായി നേരിടുമെന്നും മൊബൈല്‍ കടകളില്‍ 100 ശതമാനവും സൗദിവല്‍ക്കരണം നടപ്പിലാക്കുമെന്നും സൗദി തൊഴില്‍, വ്യവസായ മന്ത്രാലയങ്ങള്‍ വ്യക്തമാക്കി. സ്വദേശീവല്‍ക്കരണം നടക്കുന്നതിനാല്‍ പതിനായിരക്കണക്കിനു മൊബൈല്‍ കടകള്‍ അടച്ചു പൂട്ടേണ്ടി വരും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്‌ടപ്പെടും.  ഈ സാഹചര്യത്തില്‍ പല മൊബൈല്‍ കടകളും ഇലക്ട്രോണിക്‌സിന്റെയും കളിപ്പാട്ടങ്ങളുടെയും ലൈസന്‍സ് സമ്പാദിക്കാന്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇതിന്റെ മറവില്‍ മൊബൈല്‍ വില്‍പ്പനയും റിപ്പയറിങ്ങും തുടരാനാണ് ശ്രമമെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചു, സ്വദേശീവല്‍ക്കരണ നിയമം പാലിച്ചില്ല തുടങ്ങിയ കുറ്റങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ചുമത്തും. ഇവയുടെ ലൈസന്‍സ് കട്ട് ചെയ്യുകയും പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ നടപ്പിലാക്കുകയും ചെയ്യും. മൊബൈല്‍ കടകളിലെ സൗദിവല്‍ക്കരണം നടപ്പിലാക്കിയത് പരിശോധിക്കാന്‍ റമദാന്‍ ആദ്യം മുതല്‍ റെയ്ഡ് ആരംഭിക്കും.

ഈ മേഖലയില്‍ ബിനാമി സ്ഥാപനങ്ങളും അനുവദിക്കില്ല. ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും, പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. കുറ്റക്കാരായ വിദേശികളെ നാടു കടത്തും. കുറ്റക്കാരുടെ പേര് വിവരങ്ങള്‍ പ്രാദേശിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്യും. സ്ഥാപനം അടച്ചു പൂട്ടുന്നതോടൊപ്പം അടുത്ത അഞ്ചു വര്‍ഷത്തേക്ക് പുതിയ ലൈസന്‍സ് അനുവദിക്കില്ല.

Follow Us:
Download App:
  • android
  • ios