സൗദിയിൽ ഈ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്ക്
സൗദിയിൽ തുറസ്സായ സ്ഥലങ്ങളില് ജോലി ചെയ്യുന്നതിന് ഈ മാസം 15 മുതല് വിലക്ക്. ചൂട് കടുത്തതിനാല് ഉച്ചക്ക് 12 മുതല് മൂന്ന് മണി വരെ തൊഴിലാളികളെ ജോലി ചെയ്യിക്കരുതെന്നും തൊഴിൽ, സാമൂഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു.
ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജുണ് പതിനഞ്ച് മുതല് സെപ്റ്റംബർ 15 വരേയുള്ള കാലയളവിലാണ് തുറസ്സായ സ്ഥലങ്ങളില് ജോലി ചെയ്യുന്നതിന് തൊഴില് സാമുഹ്യ ക്ഷേമ മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെടുന്ന ഉച്ചക്ക് 12 മുതല് മൂന്ന് മണിവരെയുള്ള സമയത്താണ് നിരോധനം. ഈ സമയങ്ങളിൽ പുറത്തു ജോലി ചെയ്യുന്നത് കണ്ടെത്തുന്നതിനായി തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥര് പരിശോധനയും നടത്തും.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്ക്കു പിഴ ചുമത്തും. നിയമ ലംഘനം കണ്ടെത്തിയാൽ ഒരു തൊഴിലാളിക്ക് മുവായിരം റിയാല് വീതം തൊഴിലുടമ പിഴ ഒടുക്കേണ്ടിവരും. അതേസമയം ചൂടനെ പ്രതിരോധിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗദ്ധർ അഭിപ്രായപ്പെട്ടു. ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് സിവിൽ ഡിഫെൻസും ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്..
