റിയാദ്: പൊതുമാപ്പ് കാലാവധിക്ക് ശേഷം രാജ്യത്ത് നിയമലംഘകര്‍ക്കായി ശക്തമായ പരിശോധന നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത വിദേശികള്‍ക്കും നിയമലംഘകര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കുമെതിരെ ശിക്ഷാ നടപടിയെടുക്കും.
പതിനയ്യായിരം റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴയും പത്തു വര്‍ഷം വരെ തടവുമാണ് അനധികൃത താമസക്കാര്‍ ഉള്‍പ്പെടെ നിയമലംഘകര്‍ക്ക് സൗദിയില്‍ ലഭിക്കുന്ന ശിക്ഷ. ഈ ശിക്ഷകളൊന്നും കൂടാതെ നിയമലംഘകര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാം എന്നതാണ് ഇപ്പോള്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ പ്രത്യേകത. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പിന്നീട് സൗദിയില്‍ പ്രവേശിക്കുന്നതിനോ നിയമവിധേയമായി ജോലി ചെയ്യുന്നതിനോ തടസ്സം ഉണ്ടാകില്ല. പൊതുമാപ്പ് കാലാവധിക്ക് ശേഷം നിയമലംഘകര്‍ക്കായി ശക്തമായ പരിശോധന ഉണ്ടായിരിക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി സുലൈമാന്‍ അല്‍ യഹ്യ പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനയ്ക്കായി തൊഴില്‍ മന്ത്രാലയം എണ്ണൂറു പരിശോധകരെ നിയമിക്കും. കൂടാതെ റോഡുകളിലും പൊതുസ്ഥലങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലുമെല്ലാം തുടര്‍ച്ചയായ റൈഡ് ഉണ്ടായിരിക്കും. സ്വന്തം സ്‌പോണ്‍സര്‍ക്ക് കീഴില്‍ അല്ലാതെ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് അമ്പതിനായിരം റിയാലും ജോലി നല്‍കിയ സ്ഥാപനത്തിന് ഒരു ലക്ഷം റിയാലും പിഴ ചുമത്തും. സ്ഥാപനത്തിന് അഞ്ചു വര്‍ഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കേര്‍പ്പെടുത്തും. കൂടാതെ ജോലി നല്‍കിയ ഉദ്യോഗസ്ഥന് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും അനുഭവിക്കേണ്ടി വരും. സ്വന്തം തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്കും തടവും പിഴയും ഉള്‌പ്പെടയുള്ള ശിക്ഷ ലഭിക്കും. താല്‍ക്കാലിക യാത്രാ രേഖയായ ഔട്ട്പാസ് ഇഷ്യൂ ചെയ്യുന്നതിനുള്ള അറുപത്തിയഞ്ചു റിയാല്‍ ഫീസ് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഒഴിവാക്കിയിട്ടുണ്ട്.
