സര്‍ക്കാറിന്‍റെ വിവിധ പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്ന കരാര്‍ കമ്പനികള്‍ക്കു നല്‍കാനുള്ള കരാര്‍ തുകയില്‍ 40 ബില്ല്യന്‍ റിയാല്‍ ധന മന്ത്രാലയം വിതരണം ചെയ്തതായി ദേശീയ കോണ്‍ട്രക്റ്റിംഗ് കമ്പനി തലവന്‍ ഫഹദ് അല്‍ ഹമ്മാദി അറിയിച്ചു. 

കമ്പനികൾക്ക് ലഭിക്കാനുള്ള കുടിശികയില്‍ 25 ശതമാനമാണ് ഇപ്പോള്‍ വിതരണം ചെയ്തത്. ബാക്കി നല്‍കാനുള്ള തുകയില്‍ 80 ശതമാനവും അടുത്ത ദിവസങ്ങളില്‍ തന്നെ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഫഹദ് അല്‍ ഹമ്മാദി പറഞ്ഞു. 

കരാര്‍ കുടിശിക പൂര്‍ണമായും ലഭിക്കുന്നതോടെ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകും. ഇതോടെ രാജ്യത്തെ വിപണന മേഖലയിൽ അടുത്ത വർഷത്തോടെ പുത്തൻ ഉണര്‍വ്വ് പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ.

സർക്കാരിൽ നിന്നും കരാര്‍ കുടിശിക ലഭിക്കാത്തതിനാല്‍ രാജ്യത്തെചില കമ്പനികൾ തൊഴിലാളികള്‍ക്കു ശമ്പളം പോലും നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരുന്നു. പല തൊഴിലാളികളും ജോലിചെയ്യുന്നതിൽ നിന്നും വിട്ടു നിന്നിരുന്നു.

ഈ സാഹചര്യത്തിൽ രാജ്യത്തെ കരാര്‍ കമ്പനികള്‍ക്കുള്ള കുടിശിക കൊടുത്തു തീര്‍ക്കുന്നതിനു സാമ്പത്തിക സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.