ടിവി ഷോയ്ക്കിടെ വസ്ത്രം നീങ്ങി നഗ്നയെന്ന് ആരോപിച്ച് അവതാരികയ്ക്കെതിരെ സൗദി

റിയാദ്: ടി വി പരിപാടിയ്ക്കിടെ 'മോശം വസ്ത്രം' ധരിച്ച അവതാരികയ്ക്ക് നേരെ സൗദിയില്‍ അന്വേഷണം. ദുബായ് ആസ്ഥാനമായുള്ള അല്‍ ആന്‍ ടിവിയുടെ സൗദിയിലെ അവതാരിക ഷിറീന്‍ അല്‍ റിഫായിക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കിയതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ഇവര്‍. 

 വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ പരിപാടിയുടെ ചില ഭാഗങ്ങളില്‍ അവതാരികയായ ഷിറിന്‍ മോശം വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഷിറിന്‍റെ ശിരോവസ്ത്രം പകുതി നീങ്ങിയിരുന്നു, പൂര്‍ണ്ണമായി മറയ്ക്കാത്ത ഗൗണില്‍ അവരുടെ മേല്‍ വസ്ത്രം കാണാമായിരുന്നു, എന്നിവയാണ് അവതാരികയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്ന ആരോപണം. 

''നഗ്ന സ്ത്രീ റിയാദില്‍ വാഹനമോടിക്കുന്നു'' എന്ന് അര്‍ത്ഥം വരുന്ന ഹാഷ്‍ടാഗ് ഉപയോഗിച്ചാണി ഷിറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടക്കുന്നത്. മോശം വസ്ത്രം ധരിച്ചതിലൂടെ ഷിറിന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു. സംഭവത്തോടെ ഷിറിന്‍ സൗദി വിട്ടെന്നും അവര്‍ ധരിച്ചത് മാന്യമായ വസ്ത്രം തന്നെയാണെന്നും ഏജെല്‍ ന്യൂസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

വര്‍ഷങ്ങളോളം നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വസ്ത്ര ധാരണത്തിന്‍റെ പേരില്‍ അവതാരിക ആക്രമണം നേരിടുന്ന വാര്‍ത്ത പുറത്തുവരുന്നത്. ഏപ്രിലില്‍, ഒരു ഫിറ്റ്നസ് സെന്‍ററിന്‍റെ പരസ്യത്തില്‍ ഇറുകിയ വസ്ത്രം ധരിച്ച് യുവതി പ്രത്യക്ഷപ്പെതോടെ സ്ഥാപനത്തിന്‍റെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കിയിരുന്നു.