ജിദ്ദ: സൗദിയില്‍ സ്വകാര്യ ടാക്‌സികള്‍ക്ക് നിയന്ത്രണം. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം. സ്വകാര്യ ടാക്‌സികള്‍ക്ക് അനുമതി നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തി വച്ചുകൊണ്ടാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ടാക്‌സി സേവന രംഗത്തെ പരാതികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നത്. ഇതുസംബന്ധമായി നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് ഈ നീക്കം.

പുതിയ സ്വകാര്യ ടാക്‌സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തി വെച്ചതായി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ സേവന നിരക്ക് പ്രസിദ്ധീകരിക്കണം. നിരക്ക് പ്രാബല്യത്തില്‍ വരുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന് മുമ്പ് അതോറിറ്റിയുടെ അംഗീകാരം വാങ്ങണം. ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ മുന്‍‌കൂര്‍ അനുമതി ഇല്ലാതെ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പരസ്യപ്പെടുത്താന്‍ പാടില്ല.

ജോലിക്കാരെ ആവശ്യപ്പെട്ടു കൊണ്ടുള്ള പരസ്യങ്ങള്‍ക്കും അനുമതി വാങ്ങണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മേധാവി റുമി ബിന്‍ മുഹമ്മദ്‌ അല്‍ റുമൈഹ് നിര്‍ദേശിച്ചു. റേഡിയോ, അച്ചടി മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയിലെല്ലാം അനുമതി ഇല്ലാതെ കമ്പനികള്‍ പരസ്യം ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് ഉടനടി റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.