റിയാദ്: സൗദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധന തുടരുന്നു. റിയാദില്‍ ഒരു ദിവസത്തിനിടെ ആയിരക്കണക്കിന് നിയമലംഘകര്‍ പിടിയിലായി. മൂന്നു ദിവസത്തിനിടെ രാജ്യത്ത് ആറായിരത്തിലധികം പേര്‍ പിടിയിലായി. നിയമലംഘകര്‍ക്കായി ശക്തമായ പരിശോധന സൌദിയുടെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്.
ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ റിയാദ് ഭാഗത്ത് മാത്രം ആയിരത്തി പതിനൊന്ന് നിയമലംഘകര്‍ പിടിയിലായി. നഗരത്തിനു പുറത്ത് പോലീസ് നടത്തിയ റൈഡിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താമസ തൊഴില്‍ നിയമലംഘകര്‍ പിടിയിലായത്. സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ അല്ലാതെ ജോലി ചെയ്തവരും, ജോലിസ്ഥലത്ത് നിന്ന് ഒളിച്ചോടിയവരും, വഴിയോര കച്ചവടക്കാരുമാണ് പിടിയിലായവരില്‍ കൂടുതലും. തുടര്‍ നടപടികള്‍ക്കായി പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു.
തടവ്, പിഴ, നാടുകടത്തല്‍ തുടങ്ങിയവയാണ് ഇവര്‍ക്ക് ലഭിക്കുന്ന ശിക്ഷ. മൂന്നു ദിവസത്തിനിടെ ആറായിരത്തോളം നിയമലംഘകര്‍ പിടിയിലായിട്ടുണ്ട്. അതേസമയം മദീനയില്‍ നിയമലംഘനം നടത്തിയ രണ്ട് റസ്റ്റാറന്റുകള്‍ നഗരസഭ അടച്ചുപൂട്ടി. ഇരുപത് വിദേശികള്‍ ഇവിടെ ജോലി ചെയ്തിരുന്നതായി അധികൃതര്‍ അറിയിച്ചു. ഭക്ഷണത്തിന്റെ ഗുണമേന്മ, ശുചിത്വം,സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയവയില്‍ കണ്ടെത്തിയ വീഴ്ചകളാണ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കാരണം.
നിയമവിരുദ്ധമായി ഇവിടെ ജോലി ചെയ്തിരുന്ന വിദേശികളും പിടിയിലായി. നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന ക്യാമ്പെയ്ന്‍റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം,തൊഴില്‍ മന്ത്രാലയം, നഗര ഗ്രാമകാര്യ മന്ത്രാലയമം തുടങ്ങിയ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പരിശോധന തുടരുകയാണ്.
