ജിദ്ദ: കഴിഞ്ഞ വര്‍ഷം ദുരന്തം നടന്ന മിനാ പാതയിലെ അപകട സാധ്യത ഒഴിവാക്കുന്നു. തടസ്സങ്ങള്‍ ഒഴിവാക്കി ഈ വര്‍ഷം മുതല്‍ റോഡിനെ നേരിട്ട് ജമ്രാ പാലവുമായി ബന്ധിപ്പിക്കും. മിനായിലെ 206 ആം നമ്പര്‍ പാതയിലാണ് കഴിഞ്ഞ ഹജ്ജ് വേളയില്‍ നൂറുക്കണക്കിനു തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്‌. തമ്പുകളില്‍ നിന്നും ജമ്രാ പാലത്തിലേക്കുള്ള ഈ പാത മറ്റൊരു പാതയുമായി സന്ധിക്കുന്ന സ്ഥലത്ത് വെച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു അപകടം.

അപകട സാധ്യത ഇല്ലാതാക്കാന്‍ ഈ ഈ വര്‍ഷത്തെ ഹജ്ജ് മുതല്‍ 206 ആം നമ്പര്‍ റോഡ്‌ മറ്റു റോഡുകളുമായി കൂടിച്ചേരുന്നത് ഒഴിവാക്കുമെന്നും ജമ്രകളിലേക്ക് നേരിട്ടുള്ള വഴിയാക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ചു കൊണ്ട് മക്കാ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി തിരക്കില്ലാതെ തീര്‍ഥാടകര്‍ക്ക് തമ്പുകളില്‍ നിന്ന് കല്ലേറ് കര്‍മം നിര്‍വഹിക്കാനായി നേരിട്ട് ജമ്രാ പാലത്തില്‍ എത്തിച്ചേരാം. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ദുല്‍ഹജ്ജ് മാസം ഒന്നിന് അതായത് സെപ്റ്റംബര്‍ രണ്ടിന് പണി പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചു.

കല്ലേറ് കര്‍മം കഴിഞ്ഞ് ഈ റോഡിന്റെ എതിര്‍ ദിശയിലൂടെ ചില തീര്‍ഥാടകര്‍ മടങ്ങിയതാണ് കഴിഞ്ഞ ഹജ്ജ് വേളയില്‍ ദുരന്തമുണ്ടാകാന്‍ കാരണം. തീര്‍ഥാടകരുടെ സുഗമമായ നീക്കത്തിന് തടസ്സമായ ചില തമ്പുകളും വഴികളില്‍ നിന്ന് പൊളിച്ചു മാറ്റിയിട്ടുണ്ട്. ഇതോടെ തീര്‍ഥാടകര്‍ക്ക് തിരക്കില്ലാതെ ഈ വഴികളിലൂടെ സഞ്ചരിക്കാന്‍ സാധിക്കും. സ്ഥലസൗകര്യം വര്‍ധിപ്പിക്കാനായി പല സര്‍ക്കാര്‍ ഓഫീസുകളും മിനായുടെ അതിര്‍ത്തിക്ക് പുറത്തേക്ക് മാറ്റി.