ഹറം പള്ളികളിലെ ഇമാമുമാരെ പ്രഖ്യാപിച്ചു   വിഷന്‍ 2030 പദ്ധതി നടപ്പാക്കുന്നു

തീര്‍ത്ഥാടന രംഗത്ത് ചെറുകിട സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപാവസരം ഒരുക്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. റമദാനില്‍ ഹറം പള്ളികളില്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കാനുള്ള ഇമാമുമാരെ ഹറം കാര്യ വിഭാഗം പ്രഖ്യാപിച്ചു. ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് പുതിയ നീക്കമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്തന്‍ പറഞ്ഞു.

ആഭ്യന്തര ഹജ്ജ് ഉംറ സേവനരംഗത്ത് സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ നിക്ഷേപാവസരങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് പഠനം നടക്കുകയാണ്. തീര്‍ഥാടകരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകും. തീര്‍ഥാടകരുടെ യാത്ര, താമസം തുടങ്ങിയ മേഖലകളിലായിരിക്കും കൂടുതല്‍ അവസരങ്ങള്‍ എന്നാണ് സൂചന. ജി.ഡി.പിയില്‍ നിലവില്‍ നാല്‍പ്പത് ശതമാനമാണ് സ്വകാര്യ മേഖലയുടെ പങ്കാളിത്തം. വിഷന്‍ 2030 പദ്ധതിയിലൂടെ ഇത് അറുപത്തിയഞ്ചു ശതമാനമാക്കി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നൂറുക്കണക്കിനു മറ്റു പദ്ധതികളും നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം റമദാനില്‍ മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ രാത്രി നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഇമാമുമാരുടെ പട്ടികക്ക് ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി. ഇതുപ്രകാരം മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ഷെയ്ഖ് യാസിര്‍ അല്‍ ദോസരി തറാവീഹ് തഹജ്ജുദ് നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കും. മദീനയിലെ മസ്ജിദുന്നബവിയില്‍ ഷെയ്ഖ് അഹമെദ് അല്‍ ഹുദൈഫി, ഷെയ്ഖ് ഖാലിദ് അല്‍ മുഅന്ന, ഷെയ്ഖ് മഹ്മൂദ് ഖാരി എന്നിവര്‍ നേതൃത്വം നല്‍കുമെന്നും ഹറംകാര്യ വിഭാഗം അറിയിച്ചു.