സൗദിയില്‍ ഇന്‍ഷുറന്‍സ് വില്‍പന രംഗത്ത് പൂര്‍ണമായും സ്വദേശികളെ നിയമിക്കാന്‍ നിര്‍ദേശം. ഘട്ടം ഘട്ടമായി ഇന്‍ഷുറന്‍സ് മേഖലയില്‍ സമ്പൂര്‍ണ്ണ സൗദിവല്‍ക്കരണം കൊണ്ടുവരാനാണ് സൗദി മോണിട്ടറി അതോറിറ്റിയുടെ പദ്ധതി.
ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കാന്‍ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് നിര്‍ദേശം. ഇതേ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ വാഹന ഇന്‍ഷുറന്‍സ് രംഗത്ത് ക്ലൈം മാനേജ്മെന്റുമായി ബന്ധപ്പെട്ട എല്ലാ ജോലികളും സൗദികള്‍ക്കായി നീക്കി വെച്ചു. ജൂലൈ ആദ്യത്തില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു. ഇതിനു പിന്നാലെ വ്യക്തിഗത ഇന്‍ഷുറന്‍സ് മേഖലയില്‍ സെയില്‍സ് രംഗത്ത് സൗദിവല്‍ക്കരണം നടപ്പിലാക്കാന്‍ 'സാമ' കഴിഞ്ഞ ദിവസം നിര്‍ദേശിച്ചു. ഈ രംഗത്ത് ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പകരം എത്രയും പെട്ടെന്ന് സൌദികളെ നിയമിക്കണം. ആയിരക്കണക്കിന് സ്വദേശികള്‍ക്ക് പുതുതായി ഈ മേഖലയില്‍ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.
32 ഇന്‍ഷുറന്‍സ് കമ്പനികളാണ് സൗദിയില്‍ പ്രവര്‍ത്തിക്കുന്നത്. പതിനായിരത്തിലേറെ പേര്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഈ വര്‍ഷം 3.7 ശതമാനം വര്‍ധിച്ചു. നിലവില്‍ 58 ശതമാനമാണ് ഇന്‍ഷുറന്‍സ് മേഖലയിലെ സൗദിവല്‍ക്കരണം. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലെ ഉന്നത തസ്തികകളില്‍ സൗദിവല്‍ക്കരണം 43 ശതമാനത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം 39 ശതമാനമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. സ്വദേശീവല്‍ക്കരണ സംബന്ധമായ റിപ്പോര്‍ട്ട് എല്ലാ മാസവും ഇന്‍ഷുറന്‍സ് കമ്പനികള്‍ അതോറിറ്റിക്ക് സമര്‍പ്പിക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇതിനു പുറമേ ഇന്‍ഷുറന്‍സ് കമ്പനികള്‍ സൗദികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണമെന്നും സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി നിര്‍ദേശിച്ചു.
