ജിദ്ദ: ഉയര്‍ന്ന തസ്തികകളില്‍ കൂടി സ്വദേശി വത്കരണം ലക്ഷ്യമിട്ട്, സൗദിയില്‍ നിതാഖാത് പദ്ധതി വിപുലമാക്കുന്നു.അഞ്ചു മാസത്തിനകം പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിഷന്‍ 2030ന്റെ ഭാഗമായുള്ള നിതാഖാത്തിന്റെ പുതിയഘട്ടം നടപ്പിലാക്കാന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സൗദി തൊഴില്‍ മന്ത്രി അറിയിച്ചു. സ്വദേശീ യുവതീ യുവാക്കള്‍ക്ക് മികച്ച രീതിയിലുള്ള പരിശീലനം നല്‍കുക, ഉയര്‍ന്ന തസ്ഥികകളില്‍ ജോലി ചെയ്യാന്‍ പ്രാപ്തരാക്കുക, കൂടുതല്‍ മേഖലകളില്‍ സ്വദേശീവല്‍ക്കരണം നടപ്പിലാക്കുക തുടങ്ങിയവയാണ് പുതിയ ഘട്ടം കൊണ്ട് ഉദ്ധേശിക്കുന്നത്. പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് നിതാഖാത് നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ സ്വദേശീവല്‍ക്കരണം നടപ്പിലാക്കേണ്ട മേഖലകള്‍ തീരുമാനിക്കും. സ്വകാര്യ മേഖലയില്‍ സ്കില്‍ഡ്, സെമി സ്കില്‍ഡ് ജോലികള്‍ ചെയ്യുന്ന വിദേശികളെ മാറ്റി സ്വദേശികളെ നിയമിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. രണ്ടാം ഘട്ടത്തില്‍ സ്വദേശീവല്‍ക്കരണം ഏതൊക്കെ പ്രവിശ്യകളില്‍ എപ്പോഴൊക്കെ നടപ്പിലാക്കണം എന്ന് തീരുമാനിക്കും. നൂറു ശതമാനവും സ്വദേശീവല്‍ക്കരണം നടപ്പിലാക്കേണ്ട മേഖലകള്‍ തീരുമാനിക്കുന്നതാണ് മൂന്നാം ഘട്ടം.

ചില മേഖലകളില്‍ സ്വദേശീവല്‍ക്കരണത്തിന്റെ തോത് വര്‍ധിപ്പിക്കും. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ 11.06 ശതമാനത്തില്‍ നിന്ന് എഴു ശതമാനമായി കുറയ്‌ക്കുകയാണ് ലക്‌ഷ്യം. ഇതിനു പതിനൊന്ന് മുതല്‍ പതിമൂന്ന് ലക്ഷം വരെ തസ്ഥികകള്‍ സ്വദേശികള്‍ക്കായി കണ്ടെത്തണം. സ്‌ത്രീ തൊഴിലാളികളുടെ എണ്ണം ഇരുപത്തിരണ്ട് ശതമാനത്തില്‍ നിന്നും മുപ്പത് ശതമാനമായി വര്‍ധിപ്പിക്കും. പുതിയ നിതാഖാത് പദ്ധതി മൂന്നാഴ്ചക്കകം പ്രഖ്യാപിക്കുകയും അഞ്ചു മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും.