ടൂറിസം മേഖലയില്‍ ജോലി ചെയ്യാന്‍ സൗദി യുവാക്കളെ പ്രേരിപ്പിക്കുന്നതിന് വിപുലമായ പദ്ധതികളാണ് ടെക്നിക്കല്‍ ആന്റ് വോക്കെഷനല്‍ ട്രെയിനിങ് കോപ്പറേഷന്‍ തയ്യാറാക്കുന്നത്. സൗദി വിഷന് 2030ന്റെ ഭാഗമായി ടൂറിസം മേഖലയില്‍ വന്‍കിട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സ്വദേശികള്‍ക്ക് വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ ഇതുവഴി ഉണ്ടാകും. ഈ മേഖലയില്‍ പരമാവധി സൗദിയുവാക്കള്‍ക്ക് ജോലി നല്കാനാണ് നീക്കം. ഇതിനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തൊഴില്‍ പരിശീലനം വിപുലീകരിക്കും. നിലവില്‍ ബിരുദധാരികള്‍ക്ക് ഈ രംഗത്ത് ആകര്‍ഷകമായ ജോലി ലഭിക്കുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പലരെയും ഈ മേഖലയിലെ സ്ഥാപനങ്ങള്‍ റിക്രൂട്ട് ചെയ്യുന്നു.
ടൂറിസം പഠനം പൂര്‍ത്തിയാക്കിയ 98 ശതമാനം പേരും നിലവില്‍ പല സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ടെന്നു മദീനയിലെ ടൂറിസം ആന്റ് ഹോസ്‌പിറ്റാലിറ്റി കോളേജ് മേധാവി മാജിദ് അല്‍ഇനിസി പറഞ്ഞു. മദീനയില്‍ രണ്ടും, റിയാദ്, തായിഫ്, ജിസാന്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും കോളേജുകളാണ് ടൂറിസം പഠനത്തിനായി രാജ്യത്തുള്ളത്. ടൂറിസം കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ സൗദികള്‍ക്ക് ജോലി നല്കുന്നതിനായി മുപ്പത് കരാറുകള്‍ ഇതുവരെ വിവിധ സ്ഥാപനങ്ങളുമായി ഒപ്പ് വെച്ചിട്ടുണ്ട്. കാറ്ററിങ്, ഹോസ്‌പിറ്റാലിറ്റി, ബുക്കിംഗ് തുടങ്ങിയ രംഗങ്ങളിലാണ് കൂടുതല്‍ ജോലി സാധ്യതയുള്ളത്. 2020 ആകുമ്പോഴേക്കും ടൂറിസം മേഖലയില്‍ പത്ത് ലക്ഷത്തോളം പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
