റിയാദ്: സൗദിയില്‍ വിദേശ തൊഴിലാളികളുടെ ആശ്രിതരില്‍ നിന്ന് ജൂലൈ മുതല്‍ തന്നെ ഫീസ് ഈടാക്കാന്‍ പാസ്‌പോര്‍ട്ട് വിഭാഗം നിര്‍ദേശം നല്‍കി. സ്വകാര്യ സ്ഥാപനങ്ങള്‍ അടയ്‌ക്കേണ്ട ലെവി അടുത്ത വര്‍ഷം നിലവില്‍ വരുന്നതോടെ നിലവിലുള്ള ലെവി ഇല്ലാതാകുമെന്നും അധികൃതര്‍ അറിയിച്ചു.

വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങളില്‍ നിന്നും ഈടാക്കുന്ന പുതിയ ഫീസ് ജൂലൈ മുതല്‍ തന്നെ ഈടാക്കാന്‍ പാസ്‌പോര്‍ട്ട് വിഭാഗം നിര്‍ദേശം നല്‍കി. താമസരേഖയായ ഇഖാമ ഒരു വര്‍ഷത്തേക്ക് പുതുക്കുമ്പോള്‍ ഒരു വര്‍ഷത്തെ ഫീസ് ഒരുമിച്ചു ഈടാക്കാനാണ് നിര്‍ദേശം. കുടുംബത്തിലെ ഓരോ അംഗത്തിനും ആദ്യത്തെ വര്‍ഷം നൂറു റിയാല്‍ വീതമാണ് അടയ്‌ക്കേണ്ടി വരിക. പിന്നീടുള്ള ഓരോ വര്‍ഷവും നൂറു റിയാല്‍ വീതം കൂടിക്കൊണ്ടിരിക്കും. 2020ല്‍ ഓരോ അംഗത്തിനും നാനൂറു റിയാല്‍ വീതം പ്രതിമാസം ഫീസ് നല്‍കേണ്ടി വരും. ഒരു വര്‍ഷത്തേക്ക് ഒരുമിച്ച് അടയ്ക്കുമ്പോള്‍ കുടുംബത്തിലെ ഓരോ അംഗത്തിനും 4,800 റിയാല്‍ വീതം അടയ്ക്കണം. കുടുംബാംഗങ്ങളുടെ ഫീസ് തൊഴിലാളികള്‍ തന്നെ അടക്കേണ്ടി വരും. ഇതുപ്രകാരം ഇടത്തരം വരുമാനക്കാരായ ഭൂരിഭാഗം വിദേശികള്‍ക്കും അവരുടെ കുടുംബത്തെ നാട്ടിലേക്ക് പറഞ്ഞു വിടേണ്ടി വരും. ഓരോ വിദേശ തൊഴിലാളിയുടെ പേരിലും സ്ഥാപനങ്ങള്‍ അടയ്‌ക്കേണ്ട പുതിയ ലെവി അടുത്ത വര്‍ഷം ആദ്യം മുതല്‍ ഈടാക്കി തുടങ്ങാനും നിര്‍ദേശമുണ്ട്. ലേബര്‍ കാര്‍ഡ് പുതുക്കുമ്പോഴാണ് ഇത് ഈടാക്കുക. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം സൗദി ജീവനക്കാരെക്കാള്‍ കൂടുതലാണെങ്കില്‍ ആദ്യത്തെ വര്‍ഷം നാനൂറ് റിയാലും രണ്ടാമത്തെ വര്‍ഷം അറുനൂറ് റിയാലും മൂന്നാമത്തെ വര്‍ഷം എണ്ണൂര്‍ റിയാലുമാണ് ലെവി അടയ്‌ക്കേണ്ടത്. വിദേശികള്‍ സൌദികളെക്കാള്‍ കുറവാണെങ്കില്‍ ഇത് യഥാക്രമം മുന്നൂറു, അഞ്ഞൂറ്, എഴുനൂറ് എന്നിങ്ങനെയായിരിക്കും. പുതിയ ലെവി പ്രാബല്യത്തില്‍ വരുന്നതോടെ നിലവിലുള്ള 2400 റിയാല്‍ വാര്‍ഷിക ലെവി ഇല്ലാതാകും. സ്വദേശികളുടെ എണ്ണത്തേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് മാത്രമാണ് നിലവിലുള്ള ലെവിയെങ്കില്‍, അടുത്ത വര്‍ഷം മുതല്‍ വിദേശ തൊഴിലാളികള്‍ എത്രയാണെങ്കിലും അവര്‍ക്കെല്ലാം ലെവി അടയ്‌ക്കേണ്ടി വരും. ഇതോടെ പല സ്വകാര്യ സ്ഥാപനങ്ങളും വിദേശികളെ പിരിച്ചു വിടുന്നതും,സ്ഥാപനം അടച്ചു പൂട്ടുന്നതും ഉള്‍പ്പെടെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.