ജിദ്ദ: സൗദിയില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം ഇരുപത്തിയെട്ട് ശതമാനമായി വര്‍ധിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. മുപ്പത്തിയഞ്ചു ശതമാനം സ്വകാര്യ സ്ഥാപനങ്ങളും സ്വദേശീവല്‍ക്കരണ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നു അധികൃതര്‍ കണ്ടെത്തി. കൂടുതല്‍ മേഖലകളില്‍ വിദേശതൊഴിലാളികള്‍ക്ക് പകരം സ്വദേശികള്‍ക്ക് മെച്ചപ്പെട്ട ജോലി കണ്ടെത്തുകയാണ് പുതിയ നിതാഖാത് പദ്ധതിയുടെ ലക്‌ഷ്യം. 2020 ആകുമ്പോഴേക്കും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ 12.1ശതമാനത്തില്‍ നിന്നും 9 ശതമാനമായി കുറയ്‌ക്കും. ഇതോടൊപ്പം തൊഴില്‍ മേഖലയില്‍ സൗദി വനിതാ ജീവനക്കാരുടെ എണ്ണം 28 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

തുടര്‍ച്ചയായ മുന്നറിയിപ്പ് ഉണ്ടായിട്ടും 35 ശതമാനം സ്വകാര്യ സ്ഥാപനങ്ങളും സ്വദേശീവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതായി മന്ത്രാലയം കണ്ടെത്തി. അറുപത്തിയഞ്ചു ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കിയത്. സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് പുറമേ അവര്‍ക്ക് മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യവും ഉറപ്പ് വരുത്തുകയാണ് പുതിയ നിതാഖാത് പദ്ധതി.

പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കും. അതേസമയം നാഷണല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രോഗ്രാമിന്‍റെ ഭാഗമായി 2020 ആകുമ്പോഴേക്കും ചാരിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മൂന്നു ലക്ഷം സൗദികള്‍ക്ക് ജോലി കണ്ടെത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ഇരുനൂറ് ചാരിറ്റി സ്ഥാപനങ്ങളില്‍ സൗദി വോളണ്ടിയര്‍മാര്‍ക്കായി പ്രത്യേക വിഭാഗം ആരംഭിക്കും. സന്നദ്ധസേവനങ്ങളില്‍ താല്‍പര്യമുള്ള സ്വദേശികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും പദ്ധതിയുണ്ട്.