ജിദ്ദ: സൗദിയില്‍ വിദേശികളായ റസിഡന്റ് ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തി വയ്‌ക്കാന്‍ ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. സ്വകാര്യ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണ പ്രക്രിയ ഊര്‍ജിതമാക്കുമെന്ന് നേരത്തെ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. വിദേശികളായ ദന്തല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട് മെന്റ് നിര്‍ വെക്കുന്നതിനു കഴിഞ്ഞ ദിവസം സൗദി തൊഴില്‍, സാമുഹ്യ ക്ഷേമ മന്ത്രാലയങ്ങള്‍ നിര്‍ദേശം നല്‍കിയതിന്‌ പിന്നാലെയാണ് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരല്ലാത്ത വിദേശികളായ റസിഡന്റ് ഡോക്ടര്‍മാരെ റിക്രൂട്ട്‌ചെയ്യുന്നത് നിര്‍ത്തി വെക്കുന്നതിനു ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.

മന്ത്രാലയത്തിന്റെ ഈ തീരുമാനം നടപ്പിലാക്കാന്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള മാനവ വിഭവ ശേഷി വിഭാഗം മേധാവി ഡോ.ആയിദ് അല്‍ഹാരിഥി ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദേശം നല്‍കി. സ്വദേശികളായ നിരവധി ഡോക്ടര്‍മാര്‍ ജോലിക്കായി കാത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മേഘലയില്‍ വിദേശികളുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തി വെക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും കണ്‍സള്‍ട്ടിംഗ് ഡോക്ടര്‍മാരും അല്ലാത്തവരെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യേണ്ടതില്ലന്നാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.സ്വകാര്യ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണ പ്രക്രിയ ഊര്‍ജിതമാക്കുമെന്ന് നേരത്തെ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.