ഹൈദരാബാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിക്കുമേല്‍ തൊഴിലുടമ തിളച്ച എണ്ണ ഒഴിച്ചു. 24 കാരിയായ സാബാ ഫാത്തിമ എന്ന യുവതിക്കാണ് തൊഴിലുടമയില്‍ നിന്ന് കൊടിയ പീഡനം ഏല്‍ക്കേണ്ടിവന്നത്. തിളച്ച എണ്ണ വീണ് യുവതിയുടെ ഇടത് കാലിലും വലതു കൈയിലും അടിവയറ്റിലും ഗുരുതര പൊള്ളലേറ്റു.
മകളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സബാ ഫാത്തിമയുടെ അമ്മ മെഹ്‌റാജ് ഉന്നൈസ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നിവേദനം സമര്‍പ്പിച്ചു. 'എന്റെ മകള്‍ തിരിച്ചെത്തണമെന്നാണ് ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നതെന്ന് മെഹ്‌റാജ് ഉന്നൈസ പറഞ്ഞു.
ബ്യൂട്ടീഷ്യന്‍ ജോലി വാഗ്ദാനം ചെയ്ത് പ്രാദേശിക ഏജന്റാണ് സാബാ ഫാത്തിമയെ ഒരു വര്‍ഷം മുന്‍പ് സൗദി അറേബ്യയിലേക്ക് കൊണ്ടുപോയത്. മാസങ്ങള്‍ക്കു ശേഷമാണ് അവിടെ വീട്ടു ജോലിക്കാണ് ഫാത്തിമയെ കൊണ്ടുപോയതെന്നും കൊടിയ പീഡനമാണ് അവിടെ അനുഭവിക്കുന്നതെന്നും അറിഞ്ഞതെന്ന് സാബാ ഫാത്തിമയുടെ സഹോദരി പറഞ്ഞു.
