Asianet News MalayalamAsianet News Malayalam

ഖഷോഗി കൊല്ലപ്പെട്ടിട്ട് ഒരു മാസം; സൗദിക്കെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തം

സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടിട്ട് ഒരു മാസം പിന്നിടുന്നു. അന്താരാഷ്ട്ര സമ്മർദം അതി ശക്തമായിട്ടും മൃതദേഹം എന്തുചെയ്തെന്ന് തൃപ്തികരമായൊരു ഉത്തരം സൗദി ഇതുവരെ ലോകത്തോട് പറഞ്ഞിട്ടില്ല.

saudi under pressure regarding jamal khashoggi death
Author
Saudi Arabia, First Published Nov 2, 2018, 8:32 AM IST

 

റിയാദ്: സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടിട്ട് ഒരു മാസം പിന്നിടുന്നു. അന്താരാഷ്ട്ര സമ്മർദം അതി ശക്തമായിട്ടും മൃതദേഹം എന്തുചെയ്തെന്ന് തൃപ്തികരമായൊരു ഉത്തരം സൗദി ഇതുവരെ ലോകത്തോട് പറഞ്ഞിട്ടില്ല.

വിവാഹത്തിന് ആവശ്യമായ രേഖകൾക്കായി ഒക്ടോബർ 2ന് കോൺസുലേറ്റിലേക്കെത്തിയ ജമാൽ ഖഷോഗി പിന്നെ പുറംലോകം കണ്ടില്ല. കോൺസുലേറ്റിനകത്ത് ഖഷോഗി കൊല്ലപ്പെട്ടെന്ന് തുർക്കി തുടക്കം മുതലേ പറഞ്ഞു. എന്നാൽ ഖഷോഗി കോൺസുലേറ്റിൽ നിന്നും പുറത്തുപോയിരുന്നു എന്നായിരുന്നു സൗദിയുടെ വാദം. ഖഷോഗിക്ക് എന്തുസംഭവിച്ചെന്നതിൽ ദിവസങ്ങളോളം അഭ്യൂഹം തുടർന്നു. സൗദിയിൽ നിന്ന് പ്രത്യേക വിമാനത്തിലെത്തിയ 15 അംഗ കില്ലിംഗ് സ്ക്വാഡാണ് കൊലപാതകം നടത്തിയതെന്ന് തുർക്കി ആരോപണം കടുപ്പിച്ചു. തുർക്കിക്ക് പുറമെ ബ്രിട്ടൺ അടക്കമുള്ള ലോകരാജ്യങ്ങളും സൗദിക്കെതിരെ സംസാരിച്ചു തുടങ്ങി. 

രണ്ടാഴ്ചകളുടെ ഒളിച്ചുകളിക്ക് ശേഷം ഒക്ടോബർ 20ന് സൗദി കൊലപാതകം സ്ഥിരീകരിച്ചു. കോൺസുലേറ്റിൽ വച്ചുണ്ടായ പിടിവലിക്കിടെ ഖഷോഗി കൊല്ലപ്പെട്ടു എന്നായിരുന്നു വിശദീകരണം. അന്വേഷണം പ്രഖ്യാപിച്ച സൗദി 18 പേരെ അറസ്റ്റ് ചെയ്തു. കിരീടവകാശി മുഹമ്മദ് ബിൻ സൽമാന് കൊലപാതത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും വിശദീകരിച്ചു. എന്നാൽ തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗൻ വിടാൻ തയ്യാറായിരുന്നില്ല. പുതിയ വെളിപ്പെടുത്തലുകളുമായി നിരന്തരം സൗദി ഭരണകൂടത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു.

തുടക്കത്തിൽ മൃദു സമീപനം സ്വീകരിച്ച അമേരിക്കയും പിന്നീട് സൗദിയെ കൈവിട്ടു. ചരിത്രത്തിലെ ഏറ്റവും നാണംകെട്ട കൊലപാതക മൂടിവയ്പ്പാണ് ഇതെന്ന് ട്രംപ് നിലപാട് തുറന്നടിച്ചു. മൃതദേഹം മറവുചെയ്യാൻ തുർക്കി പൗരനെ ഏൽപിച്ചു എന്നായിരുന്നു സൗദി വിശദീകരിച്ചത്. ഈ ദുർബല വാദം അംഗീകരിക്കാൻ ആരും തയ്യാറായില്ല. കൊലപാതകത്തിനിന് ശേഷം മൃതദേഹം കഷണങ്ങളായി നുറുക്കി എന്നാണ് തുർക്കി പറയുന്നത്. സൗദി അറസ്റ്റ് ചെയ്ത പ്രതികളെ കൈമാറണമെന്ന് തുർക്കി ആവശ്യപ്പെടുന്നു. എന്നാൽ സൗദി ഇതിന് തയ്യാറല്ല. ഖഷോഗിയുടെ കൊലപാതകം നയതന്ത്ര രംഗത്ത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൗദിക്ക് ഉണ്ടാക്കിയത്.

Follow Us:
Download App:
  • android
  • ios