റിയാദ്:സൗദിയിൽ സ്വദേശി തൊഴിലില്ലായ്മ പരിഹരിക്കാൻ മൂന്ന് മാസത്തിനകം പദ്ധതി തയ്യാറാക്കണമെന്ന് രണ്ടാം കിരീടവകാശി.സ്വദേശികളുടെ നിലവിലെ 12.1 ശതമാനം തൊഴിലില്ലായ്മ നിരക്ക് 2020 ആവുമ്പോഴേക്കും 9 ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു മൂന്ന് മാസത്തിനകം കര്‍മ പദ്ദതി തയ്യാറാക്കാന്‍ രണ്ടാം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തൊഴില്‍മന്ത്രി ഡോ. അലി അല്‍ഗഫീസിനു നിര്‍ദേശം നല്‍കി.

തൊഴില്‍ മന്ത്രാലയം വിദ്യഭ്യാസ മന്ത്രാലയം സാങ്കേതിക പരിശീലന കോര്‍പറേഷന്‍ തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പട്ട് കര്‍മപദ്ദതി ആവിഷ്കരിക്കാനാണ് രണ്ടാം കിരീടവകാശി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രി പറഞ്ഞു. സ്വദേശികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ കണക്കിലെടുത്താണ് അടിയന്തിരമായി കർമ്മ പദ്ദതി തയ്യാറാക്കാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിലവില്‍ 12.1 ശതമാനമാണ് സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക്. 2020 ആവുമ്പോഴേക്കും തൊഴിലില്ലായ്മ നിരക്ക് 9 ശതമാനത്തിലേക്കു കൊണ്ടുവരാനാണ് പദ്ധതി. കർമ്മ പദ്ദതി നടപ്പാക്കുന്നതിന്റെ ഭാഗമയി സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികളുടെ വ്യാജ നിയമനം തടയുകയായിരിക്കും ആദ്യമായി ചെയ്യുക.രാജ്യത്ത് ഏഴു ലക്ഷം സ്വദേശികള്‍ തൊഴിലിനായി പരിശ്രമിക്കുമ്പോഴാണ് ഒരു കോടയിലേറെ വിദേശികള്‍ ഇവിടെ ജോലിചെയ്യുന്നതെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുമ്പോഴും കഴിഞ്ഞ വര്‍ഷം 19 ലക്ഷം വിദേശികളെ റിക്രൂട്ട് ചെയ്തതിന്റെ കാരണങ്ങള്‍ കണ്ടെത്തുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.