സൗദിയില്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാൻ ഇന്‍ഷുറന്‍സ് കന്പനികൾക്ക് സൗദി മോണിട്ടറി അതോറിറ്റിയുടെ നിർദേശം. അപകടങ്ങൾ ഏറ്റവും കുറഞ്ഞ തവണ മാത്രം സംഭവിച്ച വാഹനങ്ങൾക്കായിരിക്കും ഈ ഇളവ് ലഭിക്കുക.

വ്യക്തികളുടെ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം പത്ത് മുതല്‍മുപ്പത് ശതമാനം വരെ കുറയ്ക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സാമ നിര്‍ദേശം നല്കിയിരിക്കുന്നത്. ഏപ്രില്‍മുതല്‍പുതിയ നിരക്ക് പ്രാബല്യത്തില്‍വരണം. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്‍ഷൂര്‍ ചെയ്യപ്പെട്ട വാഹനത്തിന്‍റെ അപകടചരിത്രം കൂടി പരിഗണിച്ചായിരിക്കും പ്രീമിയത്തില്‍ ഇളവ് അനുവദിക്കുക. മുന്‍വര്‍ഷങ്ങളില്‍ അപകടങ്ങളില്‍പെട്ട വാഹനങ്ങള്‍ക്ക് ഇളവ് ബാധകമല്ല. കമ്പനികള്‍ക്കും ഇളവ് ലഭിക്കില്ല.

വ്യക്തികളുടെ ഇന്‍ഷുറന്‍സ് തേര്‍ഡ് പാര്‍ട്ടി മാത്രമാണെങ്കിലും ഡിസ്‍കൗണ്ട് നല്‍കണം. ഒരേ ഇന്‍ഷുറന്‍സ് കമ്പനിക്ക് കീഴില്‍ കൂടുതല്‍കാലം ഇന്‍ഷൂര്‍ ചെയ്യപ്പെട്ട വാഹനങ്ങള്‍ക്കും പ്രത്യേക ഇളവ് അനുവദിക്കണം എന്ന് സാമ നിര്‍ദേശിച്ചു. കൂടുതല്‍ കാലം ഇന്‍ഷൂര്‍ചെയ്യപ്പെട്ടത് പരിഗണിച്ചു പ്രീമിയത്തില്‍ പത്ത് ശതമാനം ഇളവ് അനുവദിക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ നീക്കം എന്നാണു സൂചന.

ഒരു വര്‍ഷത്തിനിടയില്‍ തീരെ അപകടത്തില്‍പെടാത്ത വാഹനങ്ങള്‍ക്ക് പതിനഞ്ചു ശതമാനം വരെ ഇളവ് അനുവദിക്കും. രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ അപകടത്തില്‍പെട്ടിട്ടില്ലെങ്കില്‍ ഇരുപത്തിയഞ്ച് ശതമാനം വരെയും മൂന്ന് വര്‍ഷത്തിനിടയില്‍ അപകടത്തില്‍പെട്ടിട്ടില്ലെങ്കില്‍ മുപ്പത് ശതമാനം വരെയും ഡിസ്ക്കൌണ്ട് നല്‍കാനാണ് ആലോചന. വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം അനിയന്ത്രിതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ സാമ ഇടപെടുന്നത്.