ജിദ്ദ: സൗദിയില്‍ നടന്ന ആദ്യത്തെ ഹോക്കി ടൂര്‍ണമെന്റിനു ആവേശകരമായ സ്വീകരണം. കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മുന്‍ ദേശീയ താരങ്ങളും അണിനിരന്നു. മലയാളി കൂട്ടായ്മയായ യു.ടി.എസ്.സിയാണ് ആദ്യ ഹോക്കി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. സൌദിയെ സംബന്ധിച്ചിടത്തോളം ഹോക്കി പുതിയ അനുഭവമാണ്.

രാജ്യത്ത് ആദ്യത്തേതെന്നു കരുതുന്ന ഹോക്കി ടൂര്‍ണമെന്റ് കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്നു. മലയാളികളുടെ നേതൃത്വത്തിലുള്ള യുനൈറ്റഡ് തലശ്ശേരി സ്‌പോര്‍ട്സ് ക്ലബ്ബ് ആണ് ടൂര്‍ണമെന്റിനു വേദി ഒരുക്കിയത്. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ നിന്നുള്ള പത്ത് ടീമുകള്‍ ഏകദിന ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഇന്ത്യ, പാക്കിസ്ഥാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുന്‍ ദേശീയ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പല ടീമുകളിലായി അണി നിരന്നു.

ഒമാനില്‍ നിന്നുള്ള അന്താരാഷ്‌ട്ര റഫറികളാണ് കളി നിയന്ത്രിച്ചത്. ഫൈനല്‍ മത്സരത്തില്‍ കെ.എസ്.എ ഹോക്കി ദാമാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സൗദി സ്ട്രൈക്കേഴ്‌സ് ദമാം ജേതാക്കളായി. അബ്ദുല്ലത്തീഫ് കെ.എസ്.എ, ജയകുമാര്‍ തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഒന്നാമത് യു.ടി.എസ്.സി ഹോക്കി ടൂര്‍ണമെന്റിന് ആവേശകരമായ സ്വീകാര്യതയാണ് കളിക്കാരില്‍ നിന്നും കാണികളില്‍ നിന്നും ലഭിച്ചത്. ഒമാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ വിജയകരമായി ഹോക്കി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട് യു.ടി.എസ്.സി.