റിയാദ്:സൗദി അറേബ്യയില്‍ സ്ത്രീകള്‍ പര്‍ദ മാത്രമേ ധരിക്കാന്‍ പാടുള്ളുവെന്ന് ശഠിക്കരുതെന്ന് റോയല്‍ കോര്‍ട് ഉപദേഷ്ടാവ്. മാന്യമായി വസ്ത്രം ധരിക്കാനാണ് ഇസ്ലാം നിഷ്കര്‍ക്കിക്കുന്നതെന്നും മാന്യമായ ഏത് വസ്ത്രവും വനിതകള്‍ക്ക് നിഷിദ്ധമല്ലെന്നും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ഉന്നത പണ്ഡിത സഭാ അംഗവുമായ ശൈഖ് ഡോ. അബ്ദുല്ല അല്‍ മുത്ലഖ് പറഞ്ഞു.

മുസ്ലീം ലോക രാജ്യങ്ങളിലെ 90 ശതമാനത്തോളം മുസ്ലീം സ്ത്രീകളും പര്‍ദ ധരിക്കാറില്ല. അതുകൊണ്ട് തന്നെ പര്‍ദ ധരിക്കാന്‍ സ്ത്രീകളെ നിര്‍ബദ്ധിക്കരുത്. സ്ത്രീകള്‍ പര്‍ദ ധരിക്കണമെന്നാണ് സൗദി അറേബ്യയിലെ നിയമം. എന്നാല്‍ ഈ നിയമത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരുമോയെന്ന കാര്യത്തില്‍ ഗവണ്‍മെന്‍റ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എങ്കിലും ഇതാദ്യമായാണ് സ്ത്രീകളെ പര്‍ദ ധരിക്കാന്‍ നിര്‍ബദ്ധിക്കരുതെന്ന് ഒരു ഉന്നത പണ്ഡിത സഭാ അംഗം പറയുന്നത്.

കഴിഞ്ഞമാസമണ് സൗദി അറേബ്യയില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത്. റിയാദിലെ കോടതികളില്‍ സ്ത്രീകള്‍ മുഖം മറക്കാതെ എത്തണമെന്ന നിര്‍ദേശവും കോടതി അടുത്തിടെ നല്‍കിയിരുന്നു.