ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ സ്വദേശിവത്കരണത്തിനും സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കുമൊരുങ്ങുമ്പോള്‍ തൊഴില്‍ നഷ്‌ടപ്പെടുമെന്ന ഭീതിയിലാണ് പ്രവാസികള്‍. തിരിച്ച് നാട്ടിലെത്തിയാല്‍ എങ്ങിനെ ജീവിക്കുമെന്ന് ഇവരില്‍ പലര്‍ക്കുമറിയില്ല. എന്നാല്‍ ഈ ആശങ്കയകറ്റാന്‍ ബോധവത്കരണ പരിപാടികളുമായി സജീവമാവുകയാണ് മലയാളി സംഘടനകള്‍.

സ്വദേശീ വല്‍ക്കരണ പദ്ധതികളും സാമ്പത്തിക പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകുന്ന സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നും വരും ദിവസങ്ങളില്‍വിദേശ തൊഴിലാളികളുടെ വന്‍തോതിലുള്ള തിരിച്ചു പോക്കുണ്ടാകുമെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് ജിദ്ദയിലെ മലയാളികള്‍ക്കിടയില്‍ സിജിയുടെ ആഭിമുഖ്യത്തില്‍ ക്യാംപെയിന്‍ നടത്തുന്നത്. ക്യാംപെയിനിന്റെ ഭാഗമായി 'ഒരു നല്ല നാളേയ്‌ക്ക് വേണ്ടി' എന്ന വിഷയത്തില്‍ പ്രമുഖ സാമ്പത്തിക വിദഗ്ദന്‍കെ.വി ഷംസുദീന്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസുകളും സംശയ നിവാരണവും ഏറെ ശ്രദ്ധേയമായി.

ദുരഭിമാനവും സാമ്പത്തിക അച്ചടക്കമില്ലായ്മയും വെടിഞ്ഞാല്‍ നാട്ടില്‍ പ്രവാസികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ തൊഴിലവസരങ്ങളും നിക്ഷേപ പദ്ധതികളുമാണെന്ന് ഷംസുദീന്‍ പറയുന്നു. പുകവലിക്കെതെതിരെയും, ധൂര്‍ത്തിനെതിരെയും ഈ പരിപാടികളില്‍വെച്ച് പ്രവാസികള്‍ പ്രതിജ്ഞയെടുത്തു. നാട്ടിലെ അനാചാരങ്ങള്‍ക്കും, ധൂര്‍ത്തിനും പണം ചെലവഴിച്ച് കടക്കെണിയില്‍നിന്നും രക്ഷപ്പെടാനാകാതെ പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിക്കുന്നവരുടെ യഥാര്‍ത്ഥ ജീവിതത്തിലേക്ക് കുടുംബവും നാട്ടുകാരും ശ്രദ്ധിക്കണമെന്നും ഈ ക്യാംപെയിന്‍ നിര്‍ദേശിക്കുന്നു.