രാജ്യത്തെ സ്വകര്യ സ്‌കൂളുകളില്‍ കാന്റീന്‍ നടത്തിപ്പുകാരുമായുള്ള കരാറില്‍ സൗദികളെ ജോലിക്ക് നിയമിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നും 150 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സെയില്‍സ്മാന്‍ എന്ന അനുപാതം പാലിക്കണമെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ പുതിയ കരാറുകള്‍ ഒപ്പ് വെക്കണം. കാന്റീന്‍ നടത്തിപ്പിന് മന്ത്രാലയവുമായി നേരിട്ട് കരാര്‍ ഒപ്പ് വെക്കുന്ന സ്‌കൂളുകള്‍ക്ക് പുതിയ വ്യവസ്ഥ ബാധകമല്ല. ജോലിക്കായി സൗദികളില്ലെങ്കില്‍ മാത്രമാണ് സ്‌കൂളുകള്‍ക്ക് ഇളവ് ലഭിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. കാന്റീനും പരിസരവും അനുയോജ്യമായിരിക്കണം. കരാര്‍ ഒപ്പിട്ട് കഴിഞ്ഞാല്‍ മൊത്തം തുകയുടെ 10 ശതമാനം വിദ്യാഭാസ വകുപ്പിന്റെ അകൗണ്ടില്‍ നിക്ഷേപിക്കണം. ജോലിക്കാര്‍ യൂണിഫോം ധരിച്ചിരിക്കണം തുടങ്ങിയ വ്യവസ്ഥകളും പുതിയ നിര്‍ദേശത്തിലുണ്ട്. പൊട്ടാറ്റോ ചിപ്‌സും കളര്‍ ചേര്‍ത്ത പലഹാരങ്ങളും കാന്റീനുകളില്‍ വില്‍ക്കുന്നതിനും വിലക്കുണ്ട്. കരാര്‍ റദ്ദാക്കുവാന്‍ സ്‌കൂള്‍ പ്രധാന അധ്യാപകനെ രേഖാമൂലം അറിയിക്കണം. എന്നാല്‍ ഒരു മാസം തികയുന്നതിന് മുമ്പ് കരാര്‍ റദ്ദാക്കുവാന്‍ നടത്തിപ്പുകാര്‍ക്ക് അവകാശമുണ്ടായിരിക്കില്ല. ഇത് പാലിക്കാത്തവര്‍ക്ക് ബാങ്ക് ഗ്യാരണ്ടി തിരിച്ച് നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു.