സൗദിയിലെ ഷോപ്പിംഗ് മാളുകള്‍ സ്വദേശീവല്‍ക്കരിക്കുന്നു. സൗദി തൊഴില്‍ മന്ത്രിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇത് സംബന്ധമായ വിശദമായ വിവരം പുറത്തു വിട്ടിട്ടില്ല
ഷോപ്പിംഗ് മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്ക് വേണ്ടി നീക്കി വെക്കാന്‍ സൗദി തൊഴില്‍ മന്ത്രി അലി അല്‍ ഗഫീസ് നിര്‍ദേശിച്ചു. കൂടുതല്‍ സൗദികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നത്. ചില്ലറ വില്‍പ്പന രംഗത്തെ 20 ശതമാനം സൗദിവല്‍ക്കരണം എന്ന നിയമമായിരുന്നു ഇതുവരെ ഷോപ്പിംഗ് മാളുകളിലും ബാധകമായിരുന്നത്. ചില മേഖലകളില്‍ നേരത്തെ നൂറു ശതമാനം സൗദി വല്‍ക്കരണവും സൗദി വനിതാവല്‍ക്കരണവും നടപ്പിലാക്കിയിരുന്നു. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നാല്‍ ഷോപ്പിംഗ് മാളുകളില്‍ നിലവില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും.
ഷോപ്പിംഗ് മാളുകളിലെ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം, തൊഴിലില്ലായ്മയുടെ തോത് കുറയ്ക്കല്‍ തുടങ്ങിയവയാണ് ഈ നീക്കത്തിന് പിന്നില്‍. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഏതൊക്കെ മേഖലകളില്‍, എത്ര ശതമാനം, എന്ന് മുതല്‍ പ്രാബല്യത്തില്‍ വരും തുടങ്ങി വിശദമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സൗദിയിലെ ചില്ലറ വില്പന മേഖലയില്‍ നിലവില്‍ പതിനഞ്ചു ലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇതില്‍ മൂന്നു ലക്ഷം മാത്രമാണ് സൗദികള്‍. 2020 ആകുമ്പോഴേക്കും പത്തു ലക്ഷം സൗദികള്‍ക്ക് ജോലി കണ്ടെത്താനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി.
