പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 സിആർപിഎഫ് ജവാൻമാർക്ക് രാജ്യം ഒറ്റക്കെട്ടായി വിട ചൊല്ലുകയാണ്. ലക്ഷക്കണക്കിന് പേരാണ് സ്വദേശങ്ങളിലെത്തിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുന്നത്.
ദില്ലി: ഉറ്റവരെ കവർന്നെടുത്ത ഭീകരാക്രമണത്തിന്‍റെ നടുക്കം ഇനിയും അവരുടെ കണ്ണുകളിൽ നിന്ന് മാഞ്ഞിട്ടില്ല. പക്ഷേ ധൈര്യപൂർവം അവർ പ്രിയപ്പെട്ടവരെ അടക്കം ചെയ്ത ചെറുപെട്ടികൾക്ക് മുന്നിൽ നിന്നു. ദേശീയപതാക പുതപ്പിച്ച ആ പെട്ടികൾക്ക് മുന്നിൽ അവർ സധൈര്യം നിവർന്ന് നിന്ന് നൽകുന്നു, സല്യൂട്ട്!
അച്ഛന്‍റെ മൃതദേഹത്തിന് മുന്നിൽ ധൈര്യപൂർവം സല്യൂട്ട് നൽകുന്ന ഈ കൊച്ചു പെൺകുട്ടിയുടെ ചിത്രം രാജ്യത്തെ കണ്ണീരണിയിക്കുകയാണ്. ഉത്തരാഖണ്ഡ് സ്വദേശി മോഹൻലാലിന്‍റെ മകളാണ് ഈ പെൺകുട്ടി.
ഹൈവേ പൊലീസിന്‍റെ പ്രത്യേക ഡ്യൂട്ടിക്കായി എത്തിയതായിരുന്നു അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറായിരുന്ന മോഹൻലാൽ. ആക്രമണത്തിൽ മോഹൻലാലും ഇരയായി. ഇന്ന് രാവിലെ ഉത്തരാഖണ്ഡിൽ എത്തിച്ച മോഹൻലാലിന്‍റെ മൃതദേഹത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ആദരാഞ്ജലി അർപ്പിച്ചു.
രാവിലെ ദില്ലി പാലം വിമാനത്താവളത്തിലെത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സൈനികരുടെ മൃതദേഹങ്ങൾ എത്തിക്കുമ്പോൾ പൂവുകളും ദേശീയപതാകകളുമായാണ് വഴി നീളെ ആളുകൾ സ്വീകരിക്കാൻ കാത്തു നിൽക്കുന്നത്.
ഉത്തർപ്രദേശിലെ ഉന്നാവോയിൽ രാവിലെ ഏഴ് മണിയോടെ എത്തിച്ച അജിത് കുമാർ ആസാദിന്‍റെ മൃതദേഹത്തിൽ ആദരാഞ്ജലികളർപ്പിക്കാൻ വൻ ജനാവലിയാണ് കാത്തു നിന്നത്. ഗംഗാ ഘാട്ടിൽ പൂർണ സംസ്ഥാന ബഹുമതികളോടെയാണ് അജിത് കുമാറിന്‍റെ സംസ്കാരച്ചടങ്ങുകൾ നടന്നത്.

