പൂനെ: സസ്യാഹാരികൾക്കും മദ്യം കഴിക്കാത്തവർക്കും മാത്രമേ സ്വർണമെഡൽ നേടാൻ അർഹതയുള്ളു എന്ന പൂനെ യൂണിവേഴ്സിറ്റിയുടെ വിചിത്ര സർക്കുലർ വിവാദത്തിൽ. സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശിവസേനയടക്കമുള്ള രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി. യോഗ മഹർഷി, രാമചന്ദ്ര ഷെലാറിന്റെ പേരിലുള്ള സ്വർണമെഡൽ നേടണമെങ്കിൽ വിദ്യാർത്ഥികൾ സസ്യബുക്കുകളും മദ്യം ഉപയോഗിക്കാത്തവരുമായിരിക്കണമെന്ന വിവാദ സർക്കുലറാണ് പൂനെയിലെ സാവിത്രി ബായ് ഫൂലെ യൂണിവേഴ്സിറ്റി പുറത്തിറക്കിയത്. 

ഭക്ഷണ നിയന്ത്രണങ്ങൾക്ക് പുറമെ അപേക്ഷകർ യോഗ അഭ്യസിക്കുന്നവരും ഇന്ത്യൻ സംസ്കാരത്തെ ഉൾക്കൊണ്ട് ജീവിക്കുന്നവരും ആകണമെന്ന് സർക്കുലറിൽ പറയുന്നു. തങ്ങളുടെ നിയന്ത്രണത്തിലുള്ള എല്ലാ അഫലിയേറ്റഡ് കോളേജുകൾക്കും ഇതുസംബന്ധിച്ച് യൂണിവേഴ്സിറ്റി നിർദേശം നൽകിക്കഴിഞ്ഞു. ഷെലാർ മാമ എന്നപേരിൽ കൂടി അറിയപ്പെടുന്ന യോഗ ഗുരുവിന്റെ കുടുംബ ട്രസ്റ്റാണ് 2006മുതൽ മികച്ച പത്ത് പിജി വിദ്യാർത്ഥികൾക്ക് സ്വർണമെഡൽ നൽകുന്നത്. മെഡൽ നൽകുന്നത് ട്രസ്റ്റ് ആയതിനാൽ തങ്ങൾക്ക് തീരുമാനത്തിൽ പങ്കില്ലെന്നാണ് യൂണിവേഴ്സിറ്റി വിശദീകരണം. 

വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ ഈ സ‍ർക്കുലർ നിലവിലുണ്ടെന്നും ഈ ഒക്ടോബർ 31ന് സർക്കുലർ പുതുക്കുക മാത്രമാണ് ചെയ്തതെന്നും യൂണിവേഴ്സിറ്റി വിശദീകരിച്ചു. സർക്കുലറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ശിവസേന എൻസിപി എന്നീ പാർട്ടികൾ രംഗത്തെത്തി. സ‍ർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ സമരത്തിലാണ്.