ഒൻപതാം ക്ലാസിൽ 20 ശതമാനം കുട്ടികളെ തോൽപ്പിക്കാമെന്ന പഴയ തീരുമാനം മാറ്റിയിട്ടില്ല

കാസർഗോഡ്: ഒന്‍പതാം ക്ലാസിൽ തോറ്റ വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് ഇത്തവണ മുതൽ സേ പരീക്ഷ നടക്കുന്നുണ്ട്. കാസർഗോഡ് കോട്ടൊടി ഗവൺമന്റ് ഹയർസെക്കന്ററി സ്കൂൾ അധ്യാപകൻ സുകുമാരൻ പെരിയച്ചൂരിന്റെ പരാതിയിലാണ് വിദ്യാർത്ഥികൾക്ക് അനുകൂലമായ ഉത്തരവിറങ്ങിയത്.

2014 മുതലാണ് ഒന്നുമുതൽ എട്ടു വരെ ക്ലാസുകളിലുള്ള മുഴുവൻ വിദ്യാർത്ഥികളേയും വാർഷിക പരീക്ഷയിൽ വിജയിപ്പിക്കാൻ തീരുമാനിച്ചത്. എന്നാല്‍ ഒൻപതാം ക്ലാസിൽ 20 ശതമാനം കുട്ടികളെ തോൽപ്പിക്കാമെന്ന പഴയ തീരുമാനത്തിൽ മാറ്റം വരുത്തിയില്ല. പത്താം ക്ലാസിലും ഹയർസെക്കന്ററിയിലും തോറ്റവർക്കായി സേ പരീക്ഷയുണ്ട്. എന്നാൽ ഒൻപതാം ക്ലാസിൽ തോൽക്കുന്നവർക്ക് ഒരുവർഷം നഷ്ടമാകും. ഇത് മാറ്റണമെന്ന് കാണിച്ചാണ് സുകുമാരൻ സംസ്ഥാന ബാലവകാശ കമ്മീഷനെ സമീപിക്കുന്നത്.

ഒന്‍പതാം ക്ലാസിൽ വിദ്യാർത്ഥികളെ തോൽപ്പിക്കാമെന്ന തീരുമാനം തസ്തിക നില നിർത്തുന്നതിനായി പല സ്കൂളുകളും ഉപയോഗപ്പെടുത്തുന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു. പുതിയ ഉത്തരവോടെ ഇതിനും അവസാനമാകും. മറ്റു കാരണങ്ങളാൽ വാർഷിക പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് ഒരു വർഷം നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാം.