ആലപ്പുഴ: സംസ്ഥാനത്തെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പിലും കൈയ്യിട്ടുവാരി എസ്ബിഐ. മൈനോറിറ്റി സ്കോളര്‍ഷിപ്പിടക്കമുള്ള പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ് തുകയില്‍ നിന്നാണ് വന്‍തുക എസ്ബിഐ സീറോ ബാലന്‍സ് പിഴയായി പിടിച്ചെടുക്കുന്നത്. ആലപ്പുഴയില്‍ ആയിരം രൂപ സ്കോളര്‍ഷിപ്പ് കിട്ടിയ നിര്‍ദ്ധന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപ്പെട്ടത് 458 രൂപയാണ്.
ആലപ്പുഴ കോയാപറമ്പില്‍ സ്വദേശി ഷാജിയുടെ മകള്‍ ആമിന മൈനോറിറ്റി സ്കോളര്‍ഷിപ്പിന് മാത്രമായാണ് ആലപ്പുഴ എസ്ബിഐയില്‍ അക്കൗണ്ട് തുടങ്ങിയത്. 2015 ലും 2016 ലും ആയിരം രൂപ വച്ച് സ്കോളര്‍ഷിപ്പ് തുകയായി കിട്ടുകയും ചെയ്തു. ഇത്തവണ സ്കോളര്‍ഷിപ്പ് വന്നിട്ടുണ്ടെന്ന് അറിഞ്ഞാണ് ബാങ്കിലെത്തിയത്. ആയിരം രൂപ പിന്‍വലിക്കാന്‍ എഴുതിക്കൊടുക്കുകയും ചെയ്തു. അപ്പോഴാണ് 458 രൂപ മിനിമം ബാലന്‍സ് പിഴയായി പിടിച്ചെന്ന കാര്യം അറിയുന്നത്. മാനേജറോട് സംസാരിച്ചപ്പോള്‍ ഇത്തവണ പിടിച്ച പണം തിരിച്ച് തരാന്‍ കഴിയില്ലെന്നും അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ അപേക്ഷ തന്നാല്‍ അടുത്ത തവണ മുതല്‍ പിഴ ഈടാക്കാതെ സ്കോളര്‍ഷിപ്പ് തുക തരാമെന്നുമായിരുന്നു മറുപടി. ഇതിനെ തുടര്‍ന്ന് ഒടുവില്‍ ബാക്കിയുള്ള അഞ്ഞൂറ് രൂപ വാങ്ങാതെ ആമിനയും ഷാജിയും മടങ്ങി.
ആലപ്പുഴയിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന ആമിനയെന്ന നിര്‍ദ്ധന വിദ്യാര്‍ത്ഥിനിയെ പോലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇതുപോലെ ഇത്തവണ പണം നഷ്ടപ്പെടും. ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് പിഴ ഈടാക്കാത്ത എസ്ബിഐ പക്ഷേ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ ആ ലിസ്റ്റില്‍ പെടുത്തിയില്ല.
