ഏറ്റവും പ്രധാനപ്പെട്ട കാര്യം ദുരിതത്തില്‍ അകപ്പെട്ടവരുടെ അക്കൗണ്ടുകളില്‍ നിന്ന് മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ പിഴ ഈടാക്കില്ലെന്നുള്ള ബാങ്കിന്‍റെ തീരുമാനമാണ്

തിരുവനന്തപുരം: കേരളത്തെ പ്രളയം ഗ്രസിക്കുമ്പോള്‍ ആശ്വാസ നിലപാടുകളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സംസ്ഥാനത്ത് വായപ്കള്‍ക്കും പണമിടപാടുകള്‍ക്കും എസ്ബിഐ ഇളവ് പ്രഖ്യാപിച്ചു. നിലവിലുള്ള വായ്പകളുടെ തിരിച്ചടവ് വെെകിയാല്‍ പിഴ ചുമത്തില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

കൂടാതെ, ദുരിതാവസ്ഥയില്‍ നിന്ന് കരകയറുന്നതിനുള്ള വായ്പകള്‍ക്ക് പ്രോസസിംഗ് ഫീസ് ഈടാക്കേണ്ടെന്നും എസ്ബിഐ തീരുമാനിച്ചു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ എടിഎം കാര്‍ജ്, ഡൂപ്ലിക്കേറ്റ് പാസ്ബുക്ക്, ചെക്ക്ബുക്ക് എന്നിവ ലഭിക്കുന്നതിനും ഫീസ് അടക്കേണ്ടി വരില്ല. തിരിച്ചറിയല്‍ രേഖകള്‍ എല്ലാം നഷ്ടമായവര്‍ക്ക് ഫോട്ടോ മാത്രം നല്‍കി എസ്ബിഐ ശാഖയില്‍ നിന്ന് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും.

പേഴ്സണല്‍ ലോണിന് യോഗ്യതയുള്ളവര്‍ക്ക് അത് അതിവേഗം ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം ദുരിതത്തില്‍ അകപ്പെട്ടവരുടെ അക്കൗണ്ടുകളില്‍ നിന്ന് മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ പിഴ ഈടാക്കില്ലെന്നുള്ള ബാങ്കിന്‍റെ തീരുമാനമാണ്. ദുരിത ബാധിതനാണെന്ന് കാണിച്ച് സ്വയം സാക്ഷിപ്പെടുത്തിയ കത്ത് നല്‍കിയാല്‍ മിനിമം ബാലന്‍സ് ഈടാക്കിയാല്‍ പോലും തിരിച്ച് നല്‍കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ചും എസ്ബിഐ പുതിയ തീരുമാനങ്ങള്‍ വന്നിട്ടുണ്ട്. രണ്ട് കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഇതുകൂടാതെ, 2.7 ലക്ഷം രൂപ ജീവനക്കാരില്‍ നിന്ന് സംഭാവനകളും ശേഖരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലെെനായി പണം കെെമാറുന്നതിന് ഇനി മുതല്‍ ഫീസ് ഉണ്ടായിരിക്കില്ലെന്നും എസ്ബിഐ അറിയിച്ചു.