യുവതിയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് മുൻ നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതീവ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിൽ ഷൊർണൂരിൽ വെച്ചായിരുന്നു അറസ്റ്റ്. വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നീക്കം
പാലക്കാട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സൂചന. പത്തനംതിട്ട ജില്ലക്കാരിയായ പരാതിക്കാരി നിർണായക തെളിവുകളോടെയാണ് പരാതി നൽകിയത്. ഒരാഴ്ചയാണ് പരാതിക്ക് പിന്നിൽ പ്രത്യേക സംഘം ചെലവഴിച്ചത്. എസ്പി പൂങ്കുഴലിക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി. ഭ്രൂണത്തിൻ്റെ സാമ്പിൾ ശേഖരിച്ച പെൺകുട്ടി, ഇതാണ് കേസിൽ നിർണായക തെളിവായി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇരുവരും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകൾ, ഫോൺ കോൾ വിവരങ്ങൾ, ചാറ്റുകൾ, താമസിച്ച മുറി എല്ലാം മൊഴി പ്രകാരം സത്യമാണെന്ന് പൊലീസ് അന്വേണത്തിൽ വ്യക്തമായി. രാഹുലിനെ പഴുതടച്ച് പൂട്ടാനായി, വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി വീഡിയോ കോൺഫറൻസിങ് വഴി രേഖപ്പെടുത്തിയ പൊലീസ് സംഘം, ഒരൊറ്റ വിവരവും പുറത്തേക്ക് പോകാതെ സൂക്ഷിച്ചു.
രാഹുലിനെതിരെ വലിയ നീക്കം നടക്കുന്നതായി പൊലീസ് സേനയ്ക്ക് അകത്ത് അടക്കം പറച്ചിലുണ്ടായിരുന്നു. എന്നാൽ ഹൈക്കോടതി ആദ്യ രണ്ട് കേസിലും ഈ മാസം 21 വരെ അറസ്റ്റ് തടഞ്ഞതിനാൽ പ്രചരിച്ച അഭ്യൂഹങ്ങളെ ആരും വിശ്വസിച്ചില്ല. മുൻ കേസിൽ രാഹുലിന് പൊലീസിൽ നിന്ന് തന്നെ വിവരം ചോർന്നുകിട്ടിയെന്ന സംശയമുണ്ടായിരുന്നതിനാൽ പുതിയ കേസിൻ്റെ അന്വേഷണ സംഘത്തെ രൂപീകരിച്ചതും ഉയർന്ന ജാഗ്രതയോടെയാണ്. പാലക്കാട് നിന്നോ പത്തനംതിട്ടയിൽ നിന്നോ രാഹുലിനെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന് നീക്കം. ഇതിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തും കൊല്ലത്തും പൊലീസ് വാഹനങ്ങൾ തയ്യാറാക്കി നിർത്തി. എന്നാൽ ഇവ ഉപയോഗിച്ചില്ല. അവസാന നിമിഷം പാലക്കാട് ഷൊർണൂരിൽ നിന്ന് പൊലീസ് വാഹനം ഏർപ്പാടാക്കി. രാത്രി ഹോട്ടലിനുള്ളിൽ അനുയായികളാരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് രണ്ട് വാഹനങ്ങളിലായെത്തിയ എട്ട് പൊലീസുകാർ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്. ഇനി ഇദ്ദേഹത്തെ പത്തനംതിട്ട എആർ ക്യാംപിലേക്ക് എത്തിച്ചേക്കും.
മുൻ കേസിൽ വിവാഹിതയായ യുവതി ഗർഭഛിദ്രം നടത്തിയതിന് തെളിവ് കണ്ടെത്തുക പ്രയാസമായിരുന്നു. എന്നാൽ പുതിയ കേസിലെ പരാതിക്കാരി, ഭ്രൂണത്തിൻ്റെ സാമ്പിൾ ശേഖരിച്ചുവെച്ചെന്നത് കേസിൽ പ്രധാനമാണ്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഡിഎൻഎ ശേഖരിച്ച് പരിശോധിക്കാനായാൽ ഇതിൻ്റെ സത്യാവസ്ഥ പൂർണമായും പുറത്തുവരും. യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരിക്കെയാണ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി ബന്ധം പുലർത്തിയത്. എന്നാൽ പിന്നീട് ബന്ധം രാഹുൽ ഉപേക്ഷിച്ചു. ഫോണിൽ ബ്ലോക്ക് ചെയ്തു, വാങ്ങിയ പണം തിരിച്ച് നൽകിയില്ല. പിന്നീട് ഇദ്ദേഹം പാലക്കാട് എംഎൽഎയായി. ഈ ഘട്ടത്തിൽ യുവതിയെ പാലക്കാടേക്ക് വിളിച്ചു. ഫ്ലാറ്റ് എടുക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ ഈ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. ബന്ധം രാഹുൽ വീണ്ടും ഉപേക്ഷിച്ചു. വിളിച്ചാൽ ഫോണെടുക്കാത്ത സ്ഥിതിയായി. ഈ കേസിലും ഫെനി നൈനാൻ്റെ പേര് പരാതിക്കാരി പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം.


