മിനിമം ബാലൻസ് പിഴ എസ്ബിഐ കുറയ്ക്കാൻ സാധ്യത. 75 ശതമാനം വരെ ഇളവ് വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. വൻതുക പിഴ ഈടാക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണിത്. അക്കൗണ്ടിൽ മിനിമം ബാലൻസില്ലെന്ന പേരിൽ കഴിഞ്ഞ ഏഴ് മാസത്തിനിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴയായി ഈടാക്കിയത് 1,771 കോടി രൂപ.
ഇതോടെ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു. ലോക്സഭയിലടക്കം ഇക്കാര്യം ചർച്ചയായതോടെ എസ്ബിഐയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. പ്രശ്നം ബാങ്കിന്‍റെ സൽപ്പേരിന് കളങ്കമാകും എന്ന ഘട്ടമെത്തിയപ്പോഴാണ് മിനിമം ബാലൻസ് തുക കുറയ്ക്കാൻ എസ്ബിഐ നീക്കം തുടങ്ങിയത്.
നിലവിൽ അക്കൗണ്ടിൽ നിലനിർത്തേണ്ട 1000 രൂപയിൽ നിന്ന് ഒരു രൂപ കുറഞ്ഞാൽ 20 രൂപ പിഴ നൽകണം. ബാലൻസ് 500 രൂപയ്ക്ക് താഴെ എത്തിയാൽ 30 രൂപയും 249 രൂപയ്ക്ക് താഴെയായാൽ 40 രൂപയുമാണ് എസ്ബിഐ ഇടാക്കുന്ന പിഴ. ഇതിൽ 75 ശതമാനം വരെ ഇളവിന് ബാങ്ക് തയ്യാറായേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം സ്ഥിതികരിക്കാന്‍ എസ്ബിഐ തയ്യാറായിട്ടില്ല. 42 കോടി സേവിംഗ്സ് അക്കൗണ്ടുകളാണ് എസ്ബിഐയ്ക്കുള്ളത്.
മിനിമം ബാലൻസ് പിഴയായി ഈടാക്കുന്ന തുകയെല്ലാം ലാഭത്തിലേക്ക് പോകുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്നാണ് ബാങ്കിന്‍റെ നിലപാട്. അക്കൗണ്ടിൽ 1000 രൂപയില്ലെങ്കിൽ ഈടാക്കുന്ന പിഴയിൽ രണ്ട് രൂപ മാത്രമാണ് ബാങ്കിന് ലഭിക്കുന്നത്. ബാക്കിയെല്ലാം എടിഎം, അക്കൗണ്ട് ഇടപാടുകൾ എന്നിവയുടെ പ്രവര്‍ത്തന ചെലവിലേക്കാണ് പോകുന്നതെന്നും എസ്ബിഐ പറയുന്നു.
