ദില്ലി: കടല്‍ക്കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന് നാട്ടിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഉപാധികളോടെയാണ് സുപ്രീംകോടതി ഇക്കാര്യത്തില്‍ ഇറ്റാലിയന്‍ നാവികന് അനുമതി നല്‍കിയത്. സാല്‍വത്തോറൊ ജെറോമിനാണ് സുപ്രീംകോടതി ഇളവ് നല്‍കിയത്. ഇതില്‍ ശ്രദ്ധേയമായ കാര്യം, കേന്ദ്രസര്‍ക്കാര്‍ ഇറ്റാലിയന്‍ നാവികന്റെ അനുമതിയെ എതിര്‍ത്തില്ല എന്നതാണ്. രാജ്യാന്തര ട്രിബ്യൂണലിലെ വിധി ഇന്ത്യയ്‌ക്ക് അനുകൂലമായാല്‍ നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള ഉറപ്പ് ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി എഴുതി നല്‍കണം. ഇറ്റലിയില്‍ ആയാല്‍പ്പോലും സാല്‍വത്തോറൊ ജെറോം അവിടുത്തെയും ഇന്ത്യയിലെയും നിയമപരിധിക്കു ഉള്ളില്‍ ആയിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റലിയില്‍ എത്തിയാല്‍ പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാല്‍വത്തോറൊ ജെറോം കൂടി പോകുന്നതോടെ കടല്‍ക്കൊല കേസില്‍ പ്രതികളായ രണ്ടു നാവികരും ഇന്ത്യ വിടുകയാണ്.