മെഡിക്കല്‍ ഡെന്‍റല്‍ പ്രവേശനത്തിന് ദേശീയതലത്തിലുള്ള ഏകീകൃതപ്രവേശനപ്പരീക്ഷയായ നീറ്റില്‍ നിന്ന് ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു സുപ്രീംകോടതി. പ്രവേശനത്തിന് സ്വന്തമായി സംസ്ഥാനനിയമമുള്ളതിനാല്‍ അത് മറികടന്ന് ഈ വര്‍ഷം നീറ്റ് അടിച്ചേല്‍പ്പിയ്ക്കരുതെന്നായിരുന്നു തമിഴ്‌നാടും, ആന്ധ്രയുമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ വാദം. എന്നാല്‍ കേരളത്തിന് സ്വന്തമായി പ്രവേശനനിയമം നിലവിലില്ലാത്തതിനാല്‍ നീറ്റില്‍ ഇളവ് ലഭിച്ചേയ്ക്കില്ല എന്നായിരുന്നു വിലയിരുത്തല്‍.
ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. സംസ്ഥാനങ്ങളുടെ പ്രവേശനപ്പരീക്ഷയില്‍ നിന്ന് സര്‍ക്കാര്‍ കോളേജുകളിലേക്ക് മാത്രം പ്രവേശനം നടത്താം. സ്വകാര്യ മാനേജ്മെന്‍റുകള്‍ക്കും കല്‍പിതസര്‍വകലാശാലകളും ന്യൂനപക്ഷസ്ഥാപനങ്ങളും നീറ്റില്‍ നിന്നു തന്നെ പ്രവേശനം നടത്തണം. മെഡിക്കല്‍ കൗണ്‍സിലിന്‍റെ നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചാല്‍ കേരളം നടത്തിയ പ്രവേശനപ്പരീക്ഷയില്‍ നിന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയ്ക്ക് മാത്രമേ പ്രവേശനം നടത്താനാകൂ.
തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടെന്താണെന്ന് ജസ്റ്റിസ് അനില്‍ ആര്‍ ദവെ അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉന്നതതലയോഗം വിളിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച അന്തിമനിലപാടറിയിയ്ക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
വിദ്യാര്‍ഥികളെ ഇനിയും ആശയക്കുഴപ്പത്തിലാക്കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാരിന്‍റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നടത്തിയ പ്രവേശനപ്പരീക്ഷകള്‍ക്ക് ഇളവ് നല്‍കാനാകുമോ എന്ന കാര്യം തിങ്കളാഴ്ച തീരുമാനിയ്ക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
