ദില്ലി ഹൈക്കോടതി വിധിയില്‍ യാതൊരു പിഴവുമില്ലെന്ന് സുപ്രീംകോടതി

ദില്ലി: ദില്ലി കൂട്ട ബലാത്സംഗക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. കീഴ്ക്കോടതി വിധിയില്‍ യാതൊരു പിഴവുമില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് എന്നിവരുടെ വധശിക്ഷയാണ് കോടതി ശരിവച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 2017 മെയ് അഞ്ചിനാണ് ദില്ലി ഹൈക്കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. ദില്ലി ഹൈക്കോടതി വിധി നേരത്തേ സുപ്രീം കോടതി ശരിവച്ചിരുന്നെങ്കിലും പ്രതികള്‍ പുനഃപരിശോധന ഹര്‍ജി നല്‍കുകയായിരുന്നു.

2012 ഡിസംബര്‍ 12 നാണ് ഓടുന്ന ബസ്സില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29 ന് മരിച്ചു. സംഭവത്തില്‍ പ്രതികളായ ആറ് പേരില്‍ ഒരാള്‍ക്ക് സംഭവ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നതിനാല്‍ വധശിക്ഷ ഒഴിവാകുകയും തടവി ശിക്ഷ മാത്രം ലഭിക്കുകയും ചെയ്തു. മറ്റൊരു പ്രതി ആത്മഹത്യ ചെയ്തു. ബാക്കിയുള്ള നാല് പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിംഗ് പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നില്ല.