ദില്ലി: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ ഇടപെടില്ലെന്ന് പറഞ്ഞുകൊണ്ടാണ് നോട്ട് അസാധുവാക്കല്‍ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്. അതേസമയം നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 25നകം ഇതുസംബന്ധിച്ച വിശദീകരണം സര്‍ക്കാര്‍ കോടതിയെ അറിയിക്കണം. തങ്ങളോട് ആലോചിക്കാതെ ഒരു തീരുമാനവും എടുക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇതനുസരിച്ചാണ് നോട്ട് അസാധുവാക്കല്‍ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്.