ദില്ലി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ എടുത്ത ക്രിമിനല്‍ മാനനഷ്ട കേസിലെ നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി. കേസില്‍ മജിസ്‌ട്രേറ്റ് ചെയ്യേണ്ട കാര്യങ്ങള്‍ പൊലീസിനെ ഏല്പിച്ചത് നിയമപരമായി തെറ്റാണെന്ന് കോടതി വ്യക്തമാക്കി
ആര്‍ എസ് എസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറയുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധി വിചാരണ നടപടികള്‍ നേരിണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേസില്‍ രാഹുല്‍ ഗാന്ധിയുടെ ഭാഗം വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനായി കേസ് പരിഗണിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധിക്കെതിരെ എടുത്ത ക്രിമിനല്‍ മാനനഷ്ട കേസിലെ നടപടിക്രമങ്ങളില്‍ വീഴ്ചപറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. സ്വകാര്യ ക്രിമിനല്‍ മാനനഷ്ട കേസില്‍ പൊലീസിന് ഇടപെടാനാകില്ല. മജിസ്‌ട്രേറ്റാണ് അത്തരം കേസുകള്‍ പരിശോധിക്കേണ്ടത്. രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍ എസ് എസ് നല്‍കിയ കേസില്‍ പൊലീസിനോട് മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് തേടുകയായിരുന്നു. ഒരു മജിസ്‌ട്രേറ്റും ഇത്തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന് കോടതി വിമര്‍ശിച്ചു. മഹാത്മാഗാന്ധിയെ വധിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. കേസില്‍ രാഹുല്‍ ഗാന്ധിയോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ വിചാരണ കോടതി ഉത്തരവിറക്കുകയും ചെയ്തു. അത് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസില്‍ വിശദമായ വാദം കേള്‍ക്കല്‍ ഓഗസ്റ്റ് 23ന് നടക്കും.
