തെരഞ്ഞെടുപ്പില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നികേഷ് നല്‍കിയ ഹര്‍ജിയിലാണ് കെ എം ഷാജി ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചത്

ദില്ലി: അഴീക്കോട് തെരഞ്ഞെടുപ്പ് കേസില്‍ നികേഷ് കുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നികേഷ് നല്‍കിയ ഹര്‍ജിയിലാണ് കെ എം ഷാജി ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചത്. ഷാജി നേരത്തെ നൽകിയ ഹർജിക്ക് ഒപ്പം നികേഷിന്റെ ഹർജിയും കേൾക്കാം എന്ന് ജസ്റ്റിസ് എ കെ സിക്രി വ്യക്തമാക്കി. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന് ആരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ് കുമാര്‍ സമര്‍പിച്ച ഹര്‍ജിയില്‍ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. 

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ വിധിക്കെതിരെ കെ എം ഷാജി സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ നവംബറില്‍ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് കെ എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്തുള്ള നടപടിക്ക് ഉപാധികളോടെ സ്റ്റേ അനുവദിച്ചു. എന്നാല്‍ പൂര്‍ണ്ണമായ സ്റ്റേ ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതി മുന്‍ ഉത്തരവ് ആവര്‍ത്തിക്കുകയായിരുന്നു.