ദില്ലി: ആറു മാസം പ്രായമുള്ള വളർച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകി. മുംബൈ സ്വദേശിനിയായ 22 വയസുകാരിയുടെ ഹർജിയിലാണ് ജസ്റ്റിസുമാരായ എസ് എ ബോഡെ എല്‍ നാഗേശ്വരറാവും എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

തലയോട്ടി വളർന്നിട്ടില്ലാത്ത ഭ്രൂണം നശിപ്പിക്കാൻ അനുവദിക്കണമെന്നും ഇത് തന്റെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് 6 മാസം ഗർഭിണിയായ യുവതി കോടതിയെ സമീപിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ ചികിത്സ. ഈ ആശുപത്രിയിലെ ഏഴംഗ വിദഗ്ധ ഡോക്ടർമാരുടെ മെഡിക്കൽ റിപ്പോർട്ടും കൂടി ചേർത്താണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.

ഹർജി പരിഗണിച്ച കോടതി മാതാവിന്റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ ഭ്രൂണം നശിപ്പിക്കുന്നതിന് തടസമില്ലെന്ന് വിധിച്ചു. ഭ്രൂണം നശിപ്പിക്കുന്നത് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമായിരിക്കണമെന്നും ഇതിന്റെ മുഴുവന്‍ നടപടിക്രമങ്ങളും സൂക്ഷിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. തലയോട്ടിയില്ലാതെ ജനിക്കുന്ന കുഞ്ഞിന് ജീവന്‍ നിലനിര്‍ത്താനാവില്ലെന്ന് ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഗര്‍ഭകാലാവധി പൂര്‍ത്തിയാക്കണമെന്ന് പറയാന്‍ അടിസ്ഥാനമില്ലെന്നും കോടതി പറഞ്ഞു.