ദില്ലി: ശബരിമല പുനപരിശോധന ഹർജികൾ ജനുവരി 22ന് പരിഗണിച്ചേക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അറിയിച്ചു. ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഇന്ദുമൽഹോത്ര മെഡിക്കൽ അവധിയിലായതിനാലാണ് ഇതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

ശബരിമല കേസിലെ കോടതി നടപടികൾ തൽസമയം സംപ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എത്തിയ അഭിഭാഷകനോട് ജനുവരി 22ന് പുനപരിശോധന ഹർജികൾ പരിഗണിക്കാൻ ഇടയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അറിയിച്ചത്. അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഇന്ദുമൽഹോത്ര മെഡിക്കൽ അവധിയിലാണ്. ഈ സാഹചര്യത്തിൽ ജനുവരി 22ന് കേസ് പരിഗണിക്കാനാകില്ല. കേസ് പരിഗണിക്കുന്ന പുതിയ തിയതി ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടില്ല. ജസ്റ്റിസ് ഇന്ദുമൽഹോത്ര അവധികഴിഞ്ഞ് എത്തിയ ശേഷമേ അക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധിക്കെതിരെ അമ്പതിലധികം പുനപരിശോധന ഹർജികളാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ പുതിയ റിട്ട് ഹർജികളും വിധി നടപ്പാക്കാൻ സാവകാശം തേടി സർക്കാരിന്റെ അപേക്ഷും ഉണ്ട്. എല്ലാ കേസുകളും ജനുവരി 22ന് പരിഗണിക്കും എന്നായിരുന്നു ഇതിന് മുമ്പ് പലഘട്ടങ്ങളിലും ചീഫ് ജസ്റ്റിസ് അറിയിച്ചത്. അയോധ്യ കേസിലെ ഭരണഘടന ബെഞ്ച് വാദം കേൾക്കൽ ഈമാസം അവസാനം തുടങ്ങിയാൽ ശബരിമല പുനപരിശോധന ഹർജികളിലെ തീരുമാനം കൂടുതൽ നീളും.