ദില്ലി: ബലാത്സംഗ കേസിൽ ഒളിവിൽപ്പോയ ഉത്തർപ്രദേശ് മന്ത്രി ഗായത്രി പ്രജാപതിക്ക് സുപ്രീംകോടതിയിൽ തിരിച്ചടി.കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ഗായത്രി പ്രജാപതി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.അതിനിടെ ബലാത്സംഗകേസിൽ പ്രജാപതിയുടെ കൂട്ടു പ്രതി ചന്ദ്രപാൽ പൊലീസിൽ കീഴടങ്ങി..

ബലാത്സംഗക്കേസിൽ അറസ്റ്റ് ഭയന്ന് ഒരാഴ്ച്ചയിലധികമായി ഒളിവിലാണ് ഗായത്രി പ്രജാപതി. തന്നെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നും യു പി പൊലീസിന് എപ്പോൾ വേണമെങ്കിലും തന്നെ ചോദ്യചെയ്യാവുന്നതാണെന്നുമാണ് ഹർജിയിൽ ഗായത്രി പ്രജാപതി വ്യക്തമാക്കിയിരുന്നു.എന്നാൽ ഇക്കാര്യത്തിൽ ഇടപെടാൻ കോടതി തയ്യാറായില്ല.അറസ്റ്റ് ഒഴിവാക്കണമെന്നുള്ള അപേക്ഷ ബന്ധപ്പെട്ട കീഴ്ക്കോടതിയിൽ സമർപ്പിക്കാൻ നിർദ്ദേശിച്ച കോടതി ഉത്തർപ്രദേശ് പൊലീസിന് പ്രജാപതിയെ അറസ്റ്റ് ചെയ്യാമെന്നും അറിയിച്ചു.

ഫെബ്രുവരി 27 മുതൽ പ്രജാപതി ഒളിവിലാണ്.ഗായത്രി പ്രജാപതി ഇപ്പോഴും മന്ത്രിയായി തുടരുന്നതിനെ വിമർശിച്ച് കഴിഞ്ഞ ദിവസമാണ് ഗവർണ്ണർ മുഖ്യമന്ത്രി അഖിലേഷ് യാദവിന് കത്തെഴുതിയത്.ഒരാഴ്ച്ചയിലധികമായി ഒളിവിൽ കഴിയുന്ന മന്ത്രി ഗായത്രി പ്രജാപതിക്കെതിരെ പൊലീസ് ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.ഗായത്രി പ്രജാപതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് പ്രജാപതിയുടെ പാസ്പോർട്ടും നാലാഴ്ച്ചത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.

രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം ജാഗ്രതാ നിർദ്ദേശം നൽകി കഴിഞ്ഞു.ഗായത്രി പ്രജാപതിക്ക് വേണ്ടി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.യുപിയ്ക്ക് പുറമെ ദില്ലിയിലും ഗായത്രി പ്രജാപതിക്ക് വേണ്ടി പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്.യു.പി. തിരഞ്ഞെടുപ്പില്‍ അമേഠിയിലെ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാർത്ഥിയാണ് ഗായത്രി പ്രജാപതി.2014ൽ ഒരു യുവതിയെ ബലാത്സംഗം ചെയ്യുകയും അവരുടെ മകളെ ലൈംഗികമായി ആക്രമിക്കുകയും ചെയ്‌തെന്നാണ് പ്രജാപതിക്കെതിരെയുള്ള കേസ്.