ദില്ലി: മെഡിക്കല്‍, ഡെന്റല്‍ ഏകീകൃത പൊതു പ്രവേശന പരീക്ഷ(നീറ്റ്) നടത്തിപ്പു സംബന്ധിച്ച ഉത്തരവു ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഉത്തരവില്‍ ഭേദഗതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

മേയ് ഒന്നിനും ജൂലായ് 24നും രണ്ടു ഘട്ടമായി പരീക്ഷ നടത്തി ഏകീകൃത പൊതു പ്രവേശനം നടത്തണമെന്നാണു സുപ്രീം കോടതിയുടെ ഉത്തരവ്. ഏകീകൃത പരീക്ഷ നടത്തുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഇന്നു സുപ്രീം കോടതിയെ സമീപിച്ചത്.

സിബിഎസ്ഇ സിലബസും സംസ്ഥാന സിലബസും വ്യത്യസ്തമാണെന്നു ഹര്‍ജിയില്‍ വാദമുണ്ടായിരുന്നെങ്കിലും കോടതി അതു തള്ളി. കേസില്‍ ഇടപെടാനാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.