ദില്ലി: കോടതിയലക്ഷ്യ ശിക്ഷക്കെതിരെ ജസ്റ്റിസ് കര്‍ണൻ നൽകിയ അപേക്ഷ ഉടൻ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. കോടതി അലക്ഷ്യ കേസിൽ മാപ്പ് പറയാനുള്ള അവസരം പോലും കോടതി നൽകിയില്ലെന്ന് ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനിടെ പൊലീസിന് പിടികൊടുക്കാതെ കര്‍ണൻ ചെന്നൈയിൽ തന്നെ ഒളിവിൽ കഴിയുകയാണ്.
കോടതി അലക്ഷ്യത്തിനുള്ള ശിക്ഷ ചോദ്യം ചെയ്തും, കോടതി അലക്ഷ്യ നിയമം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുമാണ് ജസ്റ്റിസ് കര്‍ണൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ ആദ്യം സുപ്രീംകോടതി രജിസ്ട്രി സ്വീകരിച്ചില്ല. അക്കാര്യം ശ്രദ്ധയിപ്പെടുത്തിയിതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കര്‍ണന്റെ അഭിഭാഷകര്‍ക്ക് രജിസ്ട്രിയിൽ അപേക്ഷ സമര്‍പ്പിക്കാനായത്.
അപേക്ഷ ഉടൻ പരിഗണിക്കണമെന്ന ജസ്റ്റിസ് കര്‍ണന്റെ ആവശ്യം സുപ്രീംകോടതി പക്ഷെ, അംഗീകരിച്ചില്ല. കോടതി അലക്ഷ്യത്തിന് ശിക്ഷിച്ചുകഴിഞ്ഞാലും നിയമപരമായി മാപ്പ് അപേക്ഷിക്കാനുള്ള അവസരം പോലും കര്‍ണന് കിട്ടിയില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതൊക്കെ തീരുമാനിക്കേണ്ടത് ശിക്ഷക്ക് ഉത്തരവിട്ട ഏഴംഗ ബെഞ്ചാണെന്നായിരുന്നു ചീഫ് ജസ്റ്റിന്റെ മറുപടി. മാപ്പ് പറയാൻ അവസരം കിട്ടിയില്ലെന്ന് പറഞ്ഞെങ്കിലും സുപ്രീംകോടതിയിൽ അത്തരമൊരു അപേക്ഷ കര്‍ണൻ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ആരോപണങ്ങളിൽ ഇപ്പോഴും കര്‍ണൻ ഉറച്ചുനിൽക്കുകയാണ്.
ജസ്റ്റിസ് കര്‍ണനെ എത്രയും വേഗം അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയക്കാനാണ് സുപ്രീംകോടതി കഴിഞ്ഞ ചൊവ്വാഴ്ച ഉത്തരവിട്ടത്. കര്‍ണൻ എവിടെയെന്ന് അറിയാത്തതുകൊണ്ട് തന്നെ കോടതി ഉത്തരവ് നടപ്പാക്കാൻ കൊൽക്കത്ത പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കര്‍ണന്‍റെ ചെന്നൈയിൽ തന്നെ ഉണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ അറിയിച്ചത്.
