ദില്ലി: പത്മാവത് സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മനോഹർ ലാൽ ശർമ്മ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാൻ കോടതിക്ക് ബാധ്യതയുണ്ടെന്ന് ഹർജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബഞ്ച് വ്യക്തമാക്കി.

ചിത്രം വിലക്കാനാകില്ലെന്ന് ഇന്നലത്തെ ഉത്തരവിൽ വ്യക്തമാക്കിയതാണെന്നും കോടതി പറഞ്ഞു. അതിനിടെ, സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷിയെ രാജസ്ഥാനിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് കർനി സേന തലവൻ സുഖ്ദേവ് സിംഗ് ഭീഷണിമുഴക്കി. ചിത്രത്തിന്‍റെ വിലക്ക് നീക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹർജി നൽകാൻ രാജസ്ഥാൻ , ഗുജറാത്ത് സംസ്ഥാനങ്ങൾ നിയമോപദേശം തേടി.