തനിക്കും തെലങ്കാനയിലുള്ള തന്‍റെ കുടുംബത്തിനും സുരക്ഷനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുരേഷ് കൊച്ചാട്ടില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ദില്ലി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായങ്ങള്‍ ചെയ്യരുതെന്ന് സോഷ്യല്‍മീഡിയയിലൂടെ ആഹ്വാനം ചെയ്ത സുരേഷ് കൊച്ചാട്ടില്‍ പൊലീസ് സുരക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ സുരേഷിന് സുരക്ഷ നല്‍കാന്‍ നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.
തനിക്കും തെലങ്കാനയിലുള്ള തന്‍റെ കുടുംബത്തിനും സുരക്ഷനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുരേഷ് കൊച്ചാട്ടില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് സുപ്രീംകോടതി തുടര്‍ നടപടികള്‍ സ്വീകരിക്കാതെ തള്ളിയിരിക്കുന്നത്. കേരളത്തിന് സഹായങ്ങൾ നൽകരുതെന്ന് സംഘപരിവാർ അനുകൂലിയായ സുരേഷ് സോഷ്യല്‍മീഡിയ വഴി ആഹ്വാനം ചെയ്തിരുന്നു. വലിയ പ്രചാരമാണ് ദേശീയതലത്തിലടക്കം ഇതിന് ലഭിച്ചത്. സുരേഷിന്‍റെ ഓഡിയോ ക്ലിപ്പ് കേട്ട പല അന്യസംസ്ഥാനക്കാരും ദുരിതാശ്വാസപരിപാടികളില്‍ നിന്നും പിന്‍മാറിയതായി കേരളത്തിന് പുറത്തുള്ള പലരും സോഷ്യല്‍മീഡിയയിലൂടെ പരാതി പറഞ്ഞിരുന്നു. ഇതോടെ വന്‍ പ്രതിഷേധമാണ് ഇയാള്‍ക്ക് നേരയുണ്ടായത്.
ഇൗ സാഹചര്യത്തിലാണ് തനിക്ക് നേരെയുള്ള ഭീഷണികൾ കണക്കിലെടുത്ത് സുരക്ഷ നല്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് കൊച്ചാട്ടില്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ അത് അറിയിക്കേണ്ടത് പൊലീസിനെയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു.
