കണ്ണൂര്‍: കണ്ണൂരില്‍ ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കേന്ദ്ര – സംസ്ഥാന പട്ടിക ജാതി കമ്മീഷനുകള്‍ക്ക് വ്യത്യസ്ത നിലപാട്. യുവതിയുടെ ആത്മഹത്യാശ്രമം ആരുടേയും പ്രേരണകൊണ്ടല്ലന്ന് സംസ്ഥാന പട്ടികജാതി കമ്മീഷന്‍ ചെയ്ര്‍മാന്‍ വ്യക്തമാക്കിയപ്പോള്‍ ജാതീയമായ അവഹേളനവും അപാവാദവുമാണ് ആത്മഹത്യാപ്രേരണയ്ക്ക് പിന്നിലെന്ന് കേന്ദ്ര കമ്മീഷന്‍ വ്യക്തമാക്കി.

ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലടക്കപ്പെട്ട ദളിത് യുവതി അഞ്ജുന ആത്മഹത്യയ്ക്ക് ശ്രമിച്ചത് സി പി ഐ എം നേതാക്കള്‍ നടത്തിയ അപവാദ പ്രചാരണം കൊണ്ടാണെന്നും നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും പറഞ്ഞ യു ഡി എഫ് ശക്തമായി രംഗത്തുള്ളപ്പോഴാണ് കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച സംസ്ഥാന പട്ടിക ജാതി - പട്ടിക വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ പി എന്‍ വിജയകുമാര്‍ വ്യത്യസ്ത നിലപാടുമായി രംഗത്ത് വന്നത്. രാവലെ അഞ്ജുനയെ കണ്ടു മൊഴി രേഖപ്പെടുത്തി കമ്മീഷന്‍ ആത്മഹത്യാ ശ്രമം ജയിലില്‍ പോയതിലുള്ള മനോവിഷമം കൊണ്ടാണെന്നും സി പി ഐ എം നേതാക്കളുടെ പേരുകളൊന്നും യുവതി മൊഴിയായി നല്‍കിയിട്ടില്ലെന്നും പറഞ്ഞു.

എന്നാല്‍ കേന്ദ്ര പട്ടിക ജാതി കമ്മീഷന്‍ അംഗം ദളിത് യുവതിക്ക് നേരെ ജാതീയമായി അവഹേളനവും അപവാദപ്രചാരണവും ഉണ്ടായെന്ന് ബോധ്യപ്പെട്ടതായി പറഞ്ഞു.

കെ പി സി സി പ്രഡിഡന്റ് വി.എം സുധീരനും ആശുപത്രിയിലെത്തി അഞ്ജുനയെ കണ്ടു. ദളിത് യുവതികള്‍ക്ക് നേരെയുണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിസ്സംഗത ആല്‍പകരമാണെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പോലീസ് നടപടിയെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ പി ബാലകിരണ്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കി.