ദില്ലി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചു. അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് ആയിരിക്കും നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിഗണിക്കുകയെന്നും സുപ്രീംകോടതി വ്യക്തമാക്കി. എല്ലാ ഹൈക്കോടതിയിലെയും കേസുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. അസാധു നോട്ടുകളുടെ ഉപയോഗിക്കുന്നതിന്റെ സമയപരിധി നീട്ടുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഉത്തരവ് ഇറക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. സഹകരണബാങ്കുമായി ബന്ധപ്പെട്ട കേസുകളില്‍ ഇപ്പോള്‍ ഉത്തരവിറക്കുന്നില്ലെന്നും സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതു കൊണ്ടാണ് ഉത്തരവിറക്കാത്തതെന്നും സുപ്രീംകോടതി വ്യക്തമാക്കി. സഹകരണ ബാങ്കുകളുടെ നിക്ഷേപത്തിന് പുതിയ കറന്‍സി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മറ്റ് ബാങ്കുകള്‍ക്ക് പോലെ സഹകരണ ബാങ്കുകള്‍ക്കും നോട്ട് നല്‍കണം.