കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ചൊവ്വാഴ്ച പരിഗണിച്ച സുപ്രീം കോടതി ആറായിരം ക്യുസക്‌സ് വെള്ളം പ്രതിദിനം തമിഴ്‌നാടിന് നല്‍കണമെന്ന് കര്‍ണാടകത്തോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കര്‍ണാടകം കാവേരിയിലെ വെള്ളം ബംഗളുരുവിനും കാവേരി നദീതട ജില്ലകള്‍ക്കും കുടിവെള്ളാവശ്യത്തിന് മാത്രമെ ഉപയോഗിക്കാനാകൂ എന്ന് പ്രമേയം പാസാക്കി. ഇരുപതിലെ ഉത്തരവില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഹര്‍ജി നല്‍കിയ കര്‍ണാടക സര്‍ക്കാര്‍ ഈ പ്രമേയവും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് തമിഴ്‌നാടിന്റെ ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി ഈ പ്രമേയത്തിന്‍മേല്‍ എന്ത് പരാര്‍ശം നടത്തുമെന്നാണ് കര്‍ണാടകം ഉറ്റുനോക്കുന്നത്. അതേസമയം മുന്‍ ഉത്തരവ് അനുസരിച്ച് വെള്ളം വിട്ടുനല്‍കാതെ കര്‍ണാടകത്തിന്റെ ഹര്‍ജി പരിഗണിക്കരുതെന്ന ആവശ്യവുമായി തമിഴ്‌നാടും കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഇന്നും തിരിച്ചടിയുണ്ടായാല്‍ സംഘര്‍ഷമുണ്ടായേക്കാമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗളുരുവിലും കാവേരി നദീതട ജില്ലകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.