ദില്ലി: സൗമ്യകേസിലെ പുനഃപരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കോടതിക്ക് പറ്റിയ പിഴവ് ചൂണ്ടിക്കാണിക്കാന്‍ കൃത്യസമയത്ത് സുപ്രീംകോടതിയിലെത്തുമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേ കട്ജു പറഞ്ഞു. 20 മിനിറ്റ് കൊണ്ട് കോടതിക്ക് പറ്റിയ തെറ്റ് തനിക്ക് ചൂണ്ടിക്കാണിക്കാനാകുമെന്നും ജസ്റ്റിസ് കട്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സൗമ്യവധക്കേസിലെ കോടതി വിധിയെ സോഷ്യല്‍മീഡിയയിലൂടെ വിമര്‍ശിച്ച കുറിപ്പെഴുതിയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നേരിട്ട് ഹാജരായി വിധിയിലെ പിഴവ് എന്തെന്ന് ചൂണ്ടിക്കാണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ജസ്റ്റിസ് കട്ജു കോടതിയിലെത്തുന്നത്. സൗമ്യകേസില്‍ കോടതിക്ക് പിഴവ് പറ്റിയെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കട്ജു പറഞ്ഞു. വിധിയിലെ പിഴവ് 20 മിനിറ്റ് കൊണ്ട് കോടതിയെ ബോധ്യപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐ.പി.സി മുന്നൂറാം വകുപ്പിലെ വിവിധ ഉപവകുപ്പുകള്‍ ഇതുവരെ കേസ് വാദിച്ച അഭിഭാഷകര്‍ എന്തുകൊണ്ടാണ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാതിരുന്നതെന്നും ജസ്റ്റിസ് കട്ജു ചോദിച്ചു. കോടതിവിധിക്കെതിരെ സോഷ്യല്‍മീഡിയയില്‍ കുറിപ്പെഴുതിയ ജസ്റ്റിസ് കട്ജുവിനോട് നേരിട്ട് ഹാജാരാകാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് അയച്ചതിന് പിന്നാലെ ജസ്റ്റിസ് കട്ജുവുമായി അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ബി.സന്ധ്യയും, വിചാരണ കോടതി ജഡ്ജും കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
