കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി അല്‍പസമയത്തിനകം വിധി പറയും
ദില്ലി: തിരഞ്ഞെടുപ്പിന് ശേഷം മൂന്ന് ദിവസമായി കര്ണാടകയില് തുടരുന്ന രാഷ്ട്രീയനാടകം ക്ലൈമാക്സിലേക്ക്.ബിജെപിയെ സര്ക്കാരുണ്ടാക്കാന് അനുവദിച്ച കര്ണാടക ഗവര്ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്ഗ്രസ് നല്കിയ ഹര്ജിയില് സുപ്രീംകോടതി അല്പസമയത്തിനകം വിധി പറയും. നിയമസഭാ തിരഞ്ഞെടപ്പുകളിൽ ഒരു കക്ഷിക്കും കൃത്യമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യങ്ങളിൽ ഗവർണർമാർ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും സുപ്രീംകോടതി ഇന്ന് മാർഗ്ഗനിർദേശം പുറപ്പെടുവിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം പുലര്ച്ചെ മൂന്നുമമണി വരെ നീണ്ട വാദത്തിനൊടുവിലാണ് ഇന്നലെ ബി എസ് യദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീംകോടതി അനുവദിച്ചത്. യദ്യൂരപ്പ മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവര്ണര്ക്ക് നൽകിയ കത്ത് ഹര്ജിക്കാര്ക്ക് ഹാജരാക്കാൻ ആയിരുന്നില്ല. ഈ കത്ത് കണ്ട ശേഷമേ അവസാന തീരുമാനം പറയാൻ കഴിയൂവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കത്ത് ഹാജരാക്കാൻ കേന്ദ്രസര്ക്കാരിന്റെ പ്രതിനിധിയായ അറ്റോണി ജനറൽ കെ കെ വേണുഗോപാലിനോടും ബിഎസ് യദ്യൂരപ്പയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
ഇന്ന് ഈ കത്ത് പരിശോധിച്ച ശേഷം ഗവര്ണര് വിവേചനാധികാരം ഉപയോഗിച്ചത് നീതിയുക്തമായാണോയെന്ന് സുപ്രീംകോടതി തീരുമാനിക്കും. അല്ലെന്ന് തെളിഞ്ഞാൽ യദ്യൂരപ്പ മുഖ്യമന്ത്രിയായ നടപടി തന്നെ കോടതിക്ക് റദ്ദാക്കാം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തിൽ നിയമസഭയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നതാകും യെദ്യൂരപ്പയുടെ പ്രധാന വാദം.
ഈ വാദം അംഗീകരിച്ചാലും 15 ദിവസം എന്ന ഗവര്ണര് നൽകിയ സമയം സുപ്രീംകോടതിയ്ക്ക് വെട്ടിക്കുറയ്ക്കാം. കാര്ഷിക കടം എഴുതിത്തള്ളൽ, പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, ആംഗ്ലോ ഇന്ത്യൻ എംഎൽഎയുടെ നാമനിര്ദ്ദേശം തുടങ്ങി യദ്യൂരപ്പ കൈക്കൊണ്ട തീരുമാനങ്ങൾ നിലനിൽക്കുമോയെന്നും കോടതി വ്യക്തമാക്കും. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന മുതിര്ന്ന അഭിഭാഷകൻ രാംജെത് മലാനിയുടെ അപേക്ഷയിലും സുപ്രീംകോടതിയുടെ തീരുമാനം ഇന്നുണ്ടാകും.
ഇന്ന് 10.30-ന് ഹര്ജി വീണ്ടും പരിഗണിക്കുന്ന കോടതി യെദ്യൂരപ്പ ഗവര്ണര്ക്ക് നല്കിയ കത്ത് പരിശോധിച്ച ശേഷം ഇതില് തുടര്നടപടി പ്രഖ്യാപിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില് നിയമസഭയില് ഭൂരിപക്ഷം തെളിയിക്കാന് രണ്ടാഴ്ച്ച സമയമാണ് യെദ്യൂരപ്പയ്ക്ക് ഗവര്ണര് അനുവദിച്ചത്. എന്നാല് പക്ഷപാതപരമായ നടപടിയാണെന്നും കുതിരക്കച്ചവടത്തിന് വഴിയൊരുക്കലാണെന്നുമാണ് കോണ്ഗ്രസിന്റെ ആരോപണം. യെദ്യൂരപ്പയ്ക്ക് നല്കിയ ഈ രണ്ടാഴ്ച്ച സമയം സുപ്രീംകോടതി വെട്ടിക്കുറച്ചേക്കും എന്നാണ് കോണ്ഗ്രസ് ക്യാംപിന്റെ പ്രതീക്ഷ. അങ്ങനെ വന്നാല് വിശ്വാസവോട്ടെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കാം എന്നും അവര് കണക്കു കൂട്ടുന്നു. അത്തരമൊരു സാഹചര്യം മുന്നില് കണ്ടാണ് എംഎല്എമാരെ ബിജെപി സ്വാധീനിക്കുന്നത് തടയാനായി കോണ്ഗ്രസും ജെഡിഎസും എംഎല്എമാരെ ബെംഗളൂരുവില് നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയത്. എന്നാല് അത്തരമൊരു വിധി സുപ്രീംകോടതിയില് നിന്നുണ്ടായാലും വിശ്വാസവോട്ടെടുപ്പ് വരെ അധികാരത്തില് തുടരുക എന്നതാവും ബിജെപി തന്ത്രം.
