വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയും. ഉഭയ സമ്മതത്തോടെ ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടാൽ അയാൾ എന്തിന് ജയിലിൽ പോകണം എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. 

ദില്ലി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയും. നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാൻ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ഉഭയ സമ്മതത്തോടെ ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടാൽ അയാൾ എന്തിന് ജയിലിൽ പോകണം എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.

മലയാളിയായ ജോസഫ് ഷൈനാണ് 497 ആം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചപ്പോൾ ഈ വകുപ്പ് റദ്ദാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. റദ്ദാക്കിയാൽ വിവാഹം എന്ന സമ്പ്രദായം തന്നെ തകരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു. രാവിലെ പത്തരക്ക് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസിൽ വിധി പറയുക.

വിവാഹേതര ലൈംഗിക ബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഭരണഘടന നല്‍കുന്ന തുല്യാവകാശത്തിന്‍റെ ലംഘനമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതിൽ യുക്തയില്ല. ദാമ്പത്യം നിലനിര്‍ത്താൻ പുരുഷനും സ്ത്രീയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി ഭരണഘടനാബഞ്ച് ഓഗസ്റ്റ് രണ്ടിന് പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്‍റേതായിരുന്നു നിരീക്ഷണം.